ആദ്യ മൂന്നില്‍ രണ്ട് പേരും മുംബൈ താരങ്ങള്‍! വിക്കറ്റ് വേട്ടക്കാരില്‍ ചാഹലിനെ പിന്തള്ളി ബുമ്ര ഒന്നാമത്
ഏഴ് മത്സരങ്ങളില്‍ 12 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. ശരാശരി 18.08. 26 ഓവറുകള്‍ താരം പൂര്‍ത്തിയാക്കി. 156 പന്തുകില്‍ 217 റണ്‍സാണ് ചാഹല്‍ വിട്ടുകൊടുത്തത്.
മുംബൈ: ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാമത്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയതോടെ ബുമ്രയുടെ വിക്കറ്റ് നേട്ടം 13 ആയി. ഏഴ് മത്സരങ്ങളില്‍ 28 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ബുമ്രയ്ക്ക് 12.85 ശരാശരിയുണ്ട്. 168 പന്തുകളില്‍ 167 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ബുമ്രയുടെ കുതിപ്പില്‍ വിക്കറ്റ് വേട്ടക്കാരില്‍ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടാം സ്ഥാനത്തേക്ക് വീണു.
ഏഴ് മത്സരങ്ങളില്‍ 12 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. ശരാശരി 18.08. 26 ഓവറുകള്‍ താരം പൂര്‍ത്തിയാക്കി. 156 പന്തുകില്‍ 217 റണ്‍സാണ് ചാഹല്‍ വിട്ടുകൊടുത്തത്. മുംബൈയുടെ തന്നെ ജെറാള്‍ഡ് കോട്‌സ്വീ മൂന്നാം സ്ഥാനത്തുണ്ട്. അദ്ദേഹത്തിനും 12 വിക്കറ്റുകളാണുള്ളത്. എന്നാല്‍ ശരാശരി പരിഗണിച്ചപ്പോള്‍ ചാഹല്‍ മുന്നിലായി. പത്ത് വിക്കറ്റുകള്‍ വീതമുള്ള ഖലീല്‍ അഹമ്മദ് (ഡല്‍ഹി കാപിറ്റല്‍സ്), കഗിസോ റബാദ (പഞ്ചാബ് കിംഗ്‌സ്), സാം കറന്‍ (പഞ്ചാബ് കിംഗ്‌സ്), മുസ്തഫിസുര്‍ റഹ്‌മാന്‍ (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), ഹര്‍ഷല്‍ പട്ടേല്‍ (പഞ്ചാബ് കിംഗ്‌സ്) എന്നിവര്‍ യഥാക്രമം നാല് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. ഒമ്പത് വിക്കറ്റ് വീതമുള്ള പാറ്റ് കമ്മിന്‍സും അര്‍ഷ്ദീപ് സിംഗും ഒമ്പതും പത്തും സ്ഥാനങ്ങളിലാണ്.
അതേസമയം, റണ്‍വേട്ടക്കാരില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടുരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ കോലിയുടെ ആകെ സമ്പാദ്യം 361 റണ്‍സായി. ഏഴ് മത്സരങ്ങളാണ് ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ കളിച്ചത്. 72.20 ശരാശരിയുണ്ട് കോലിക്ക്. സ്ട്രൈക്ക് റേറ്റ് 147.34. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാന്‍ പരാഗാണ്. 318 റണ്‍സാണ് പരാഗ് നേടിയത്. കൊല്‍ക്കത്തക്കെതിരെ 34 റണ്‍സെടുത്താണ് പരാഗ് പുറത്തായത്. 63.60 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. സ്ട്രൈക്ക് റേറ്റ് 161.42.
സഞ്ജു സാംസണെ മറികടന്ന് മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ മൂന്നാമതെത്തിയത് പ്രധാന സവിശേഷത. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 25 പന്തില്‍ 36 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെയാണ് രോഹിത് സഞ്ജുവിനെ മറികടന്നത്. ഏഴ് മത്സരങ്ങളില്‍ 297 റണ്‍സാണ് മുംബൈ ഓപ്പണര്‍ക്കുള്ളത്. 49.50 ശരാശരിയും 164.09 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.