ആന്‍റിഗ്വ: എട്ട് ഓവറില്‍ വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ്!. ഇന്ത്യ- വിന്‍ഡീസ് ആന്‍റിഗ്വ ടെസ്റ്റില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു ജസ്‌പ്രീത് ബുമ്ര. വിന്‍ഡീസിനെ ചുരുട്ടിക്കെട്ടിയ ഈ പ്രകടനത്തോടെ റെക്കോര്‍ഡ് ബുക്കിലാണ് ബുമ്ര എക്‌സ്‌പ്രസ് ഇടംപിടിച്ചത്. 

ടെസ്റ്റില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന ഏഷ്യന്‍ ബൗളറെന്ന നേട്ടത്തിലെത്തി ബുമ്ര. 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ വെങ്കടാപതി രാജുവിന്‍റെ പ്രകടനമാണ് ബുമ്ര മറികടന്നത്. ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിലുമെത്തി അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ബുമ്ര. കരിയറിലെ 11-ാമത്തെ ടെസ്റ്റിലാണ് ബുമ്രയുടെ നേട്ടം. 

ആന്‍റിഗ്വയില്‍ 318 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ നേടിയത്. ടെസ്റ്റില്‍ വിദേശത്ത് റണ്‍മാര്‍ജിനില്‍ ഇന്ത്യയുടെ ഉയര്‍ന്ന ജയംകൂടിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 100 റൺസിന് പുറത്താവുകയായിരുന്നു. ബുമ്രയാണ് വിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തത്. ടെസ്റ്റ് കരിയറിലെ 10-ാം സെഞ്ചുറി രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ അജിങ്ക്യ രഹാനെ പ്ലേയർ ഓഫ് ദ മാച്ചായി.