ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി ബുമ്ര.

മെല്‍ബണ്‍: ടെസ്റ്റ് കരിയറില്‍ തന്റെ 13-ാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ജസ്പ്രിത് ബുമ്ര. ഓസ്ട്രേലിയക്കെതിരെ മെല്‍ബണ്‍ ടെസ്റ്റില്‍ നതാന്‍ ലിയോണിനെ പുറത്താക്കിയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേടുന്നത്. നാല് പന്തുകള്‍ക്കിടെ തന്നെ ബുമ്ര അഞ്ചാം വിക്കറ്റ് നേടി. 24.4 ഓവറില്‍ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റ് നേടിയത്. മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം 53.2 ഓവറുകളാണ് ബുമ്ര എറിഞ്ഞത്. ഐസിസി ചാംപ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ മുന്നില്‍ നില്‍ക്കെ അദ്ദേഹത്തിന് കൂടുതല്‍ ജോലിഭാരം ഏല്‍പ്പിക്കരുതെന്ന് ആരാധകരുടെ ഭാഗത്ത് നിന്ന് നിര്‍ദേശമുണ്ടായിരുന്നു. 

ബുമ്രയ്ക്ക് ഏറെ പ്രിയപ്പെട്ട ഗ്രൗണ്ടാണ് എംസിജി. ആറ് മത്സരങ്ങളില്‍ നിന്ന് 14.66 ശരാശരിയില്‍ 24 വിക്കറ്റുകള്‍ ഈ ഗ്രൗണ്ടില്‍ ബുമ്ര നേടി. രണ്ട് തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ബുമ്ര അത്രയും തന്നെ നാല് വിക്കറ്റുകളും നേടി. മെല്‍ബണില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് ബുമ്ര. മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ സന്ദര്‍ശക പേസര്‍ കൂടിയായി ബുമ്ര. സിഡ്‌നി ബാണ്‍സ് (35 വിക്കറ്റ്), ബോബി പീല്‍ (27) എന്നിവരാണ് ബുമ്രയ്ക്ക് മുന്നില്‍. ബില്ലി ബേറ്റ്സിനെ (22) ബുമ്ര മറികടന്നു. 

അക്കാര്യം രോഹിത് ഓര്‍ത്തതേയില്ലേ? ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് വെട്ടിക്കുറക്കാന്‍ സാധ്യത

കൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി ബുമ്ര. കപില്‍ ദേവാണ് ഈ പട്ടികയില്‍ ഒന്നാമത്. അതേസമയം പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ബുമ്ര തന്നെ. നാലാം ടെസ്റ്റ് പൂര്‍ത്തിയാവാനിരിക്കെ ഇതുവരെ 30 വിക്കറ്റുകള്‍ ബുമ്ര നേടിയത്.

അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 44 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച രവീന്ദ്ര ജഡേജയുടെ റെക്കോര്‍ഡിനൊപ്പമാണ് ബുമ്രയെത്തിയത്. 37 ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ച ആര്‍ അശ്വിനാണ് അതിവേഗം 200 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളര്‍. ഹര്‍ഭജന്‍ സിംഗ് (46 ടെസ്റ്റ്), അനില്‍ കുംബ്ലെ (47 ടെസ്റ്റ്) എന്നിവരാണ് ബുമ്രക്ക് പിന്നിലുള്ളത്. അതിവേഗം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് ബുമ്രയ്ക്കാണ്. 44 ടെസ്റ്റില്‍ നിന്നാണ് ബുമ്ര 200 വിക്കറ്റ് തികച്ചത്. 50 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് ബുമ്ര തകര്‍ത്തത്.