ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം അരങ്ങേറിയിരുന്നത്. ധോണിക്ക് കീഴില്‍ അരങ്ങേറിയപ്പോഴുണ്ടായിരുന്ന ഒരു രസകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ് ബൂമ്ര.

ദുബായ്: 2016ല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് കീഴിലാണ് ഇന്ത്യയുടെ ബൗളിങ് സെന്‍സേഷന്‍ ജസ്പ്രീത് ബൂമ്ര അരങ്ങേറുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്തോടെയാണ് ബൂമ്രയ്ക്ക് ദേശീയ ടീമില്‍ സ്ഥാനം ലഭിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം അരങ്ങേറിയിരുന്നത്. ധോണിക്ക് കീഴില്‍ അരങ്ങേറിയപ്പോഴുണ്ടായിരുന്ന ഒരു രസകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ് ബൂമ്ര. 

ബൗളിങ്ങിന്റെ കാര്യത്തില്‍ ധോണി എന്നെ തെറ്റിദ്ധരിച്ചിരിക്കാമെന്നാണ് ബൂമ്ര പറയുന്നത്. ബൂമ്ര സംഭവം വിവരിക്കുന്നതിങ്ങനെ... ''ധോണിക്ക് കീഴിലാണ് ഞാന്‍ അരങ്ങേറിയത്. ധോണിക്ക് എന്റെ ബൗളിങ്ങിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. അദ്ദേഹത്തോട് ഞാന്‍ യോര്‍ക്കര്‍ എറിയട്ടെയെന്ന് ചോദിച്ചു. എന്നാല്‍ വേണ്ടെന്നായിരുന്നു ധോണിയുടെ അഭിപ്രായം. എനിക്ക് യോര്‍ക്കര്‍ എറിയുക പ്രയാസകരമാണെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. എന്നാല്‍ ഞാനെറിഞ്ഞ 49ാം ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. മത്സര ശേഷം എന്റെയടുത്തെത്തിയ ധോണി നേരത്തെ തന്നെ നീ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ചിലപ്പോള്‍ പരമ്പര വിജയിക്കുമായിരുന്നുവെന്ന് പറഞ്ഞു.

അരങ്ങേറ്റ താരമായ എന്നോട് നീയുണ്ടായിരുന്നെങ്കില്‍ പരമ്പര നേടാമായിരുന്നുവെന്ന് പറയുന്നത് ശരിക്കും ഞെട്ടിക്കുന്ന സംഭവമായിരുന്നു. അദ്ദേഹം വളരെയധികം സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു.'' ഇന്ത്യക്കുവേണ്ടി 14 ടെസ്റ്റില്‍ നിന്ന് 68 വിക്കറ്റും 64 ഏകദിനത്തില്‍ നിന്ന് 104 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് ബൂംറയുടെ സമ്പാദ്യം. 77 ഐപിഎല്ലില്‍ നിന്നായി 82 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

നിലവില്‍ ഐപിഎല്ലിനായി യുഎഇയിലാണ് ബൂമ്ര. താരത്തിന് ഇത്തവണ ഇരട്ടിജോലിയാണ്. ലസിത് മലിംഗ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കേണ്ടത് ബൂമ്രയാണ്.