കിംഗ്‌സ്റ്റണ്‍: ബുമ്ര കൊടുങ്കാറ്റ് വിന്‍ഡീസിന് മേല്‍ ആഞ്ഞുവീശുകയാണ് കിംഗ്‌സ്റ്റണ്‍ ടെസ്റ്റിലും. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യക്കാരന്‍റെ മൂന്നാം ഹാട്രിക്കുമായാണ് ബുമ്ര എക്‌സ്‌പ്രസ് കരീബിയന്‍വധം നടത്തുന്നത്. വിന്‍ഡീസ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലാണ് ബുമ്ര സംഹാരതാണ്ഡവമാടിയത്. രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയും കൂടാരത്തിലെത്തിച്ചു. 

ബുമ്രയുടെ മാസ്‌മരിക സ്‌പെല്ലിനെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.

ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 416 ന് പുറത്തായിരുന്നു. കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ(225 പന്തില്‍ 111 റണ്‍സ്) മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് ശര്‍മ വിഹാരിക്ക് മികച്ച പിന്തുണ നല്‍കി. നായകന്‍ വിരാട് കോലി 76ഉം മായങ്ക് അഗര്‍വാള്‍ 55ഉം റണ്‍സ് നേടി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്.

രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസ് ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റുകളാണ് ബുമ്ര കീശയിലാക്കിയത്. 9.1 ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് ബുമ്ര ആറ് വിക്കറ്റ് നേട്ടത്തിലെത്തിയത്. ഷമിക്കാണ് ഒരു വിക്കറ്റ്.