Asianet News MalayalamAsianet News Malayalam

ജസ്പ്രീത് ബുമ്ര 'ദി കംപ്ലീറ്റ് ബൗളര്‍'; വാഴ്ത്തിപ്പാടി മുന്‍ പേസര്‍, മുഹമ്മദ് ഷമിക്കും പ്രശംസ

ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും മികച്ച പേസര്‍ ബുമ്ര ആവാന്‍ സാധ്യതയുണ്ട് എന്നും വെര്‍നോണ്‍ ഫിലാണ്ടര്‍

Jasprit Bumrah is the most complete bowler at the moment lauds Vernon Philander
Author
First Published Feb 8, 2024, 3:59 PM IST

ദില്ലി: ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ 1 ബൗളര്‍ ആയതോടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം വെര്‍നോണ്‍ ഫിലാണ്ടര്‍. നിലവിലെ ഏറ്റവും പൂര്‍ണനായ ബൗളറാണ് ബുമ്ര എന്നാണ് ഫിലാണ്ടറുടെ പ്രശംസ. 

'നിലവിലെ ഏറ്റവും കംപ്ലീറ്റായ ബൗളറാണ് ജസ്പ്രീത് ബുമ്ര. അവിശ്വസനീയമായ കഴിവുകളുള്ള ബുമ്ര മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ പഠിച്ചു. അതാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ബുമ്രയുടെ വിജയത്തിന് കാരണം. കരിയറിന്‍റെ തുടക്കത്തില്‍ എല്ലാ പന്തിലും വിക്കറ്റ് നേടാനായിരുന്നു ബുമ്രയുടെ ശ്രമം. എന്നാല്‍ അപ്പോള്‍ റണ്‍സ് വഴങ്ങിക്കൊണ്ടിരുന്നു. എന്നാലിപ്പോള്‍ ബൗളിംഗില്‍ സ്ഥിരത ബുമ്ര കൈവരിച്ചു. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്ര ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും. ലോകകപ്പിലെ ഏറ്റവും മികച്ച പേസര്‍ ബുമ്ര ആവാന്‍ സാധ്യതയുണ്ട്. ന്യൂബോളില്‍ സ്വിങ് കണ്ടെത്തുന്ന ബുമ്ര യോര്‍ക്കറുകളിലും ബൗളിംഗിലെ വ്യത്യസ്തത കൊണ്ടും സമ്പന്നനാണ്' എന്നും വെര്‍നോണ്‍ ഫിലാണ്ടര്‍ വ്യക്തമാക്കി. 

ജസ്പ്രീത് ബുമ്രയുടെ പേസ് പങ്കാളിയായ മുഹമ്മദ് ഷമിയെയും വെര്‍നോണ്‍ ഫിലാണ്ടര്‍ പ്രശംസിച്ചു. ഷമി തന്‍റെ പേസ് മനോഹരമായി ഉപയോഗിക്കുന്നു എന്നാണ് ഫിലാണ്ടറുടെ നിരീക്ഷണം. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 50 വിക്കറ്റ് തികച്ച രണ്ടാമത്തെ താരമാണ് പ്രോട്ടീസ് മുന്‍ പേസറായ വെര്‍നോണ്‍ ഫിലാണ്ടര്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം കരിയറിലെ 64 ടെസ്റ്റുകളില്‍ 225 വിക്കറ്റ് പേരിലാക്കിയിട്ടുണ്ട്. 

ടെസ്റ്റില്‍ വേഗത്തില്‍ 150 വിക്കറ്റുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന നേട്ടം ജസ്പ്രീത് ബുമ്ര അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം മൂന്ന് ഫോര്‍മാറ്റുകളിലും നമ്പര്‍ 1 ബൗളറായി മാറുകയും ചെയ്തു. 30 വയസുകാരനായ ബുമ്ര 34 ടെസ്റ്റില്‍ 155 ഉം 89 ഏകദിനങ്ങളില്‍ 149 ഉം 62 രാജ്യാന്തര ട്വന്‍റി 20കളില്‍ 74 ഉം വിക്കറ്റുകളാണ് പേരിലാക്കിയത്. ടെസ്റ്റില്‍ 20.19 ബൗളിംഗ് ശരാശരിയിലാണ് ബുമ്ര പന്തെറിയുന്നത് എന്നതാണ് പ്രധാന സവിശേഷത. 

Read more: കേമന്‍ കോലിയോ രോഹിത്തോ? ചര്‍ച്ച അവസാനിപ്പിക്കുന്ന ഉത്തരവുമായി മുഹമ്മദ് ഷമി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios