ഇന്ന് നാലാം ദിനം പന്തെറിയാനെത്തുമ്പോള്‍ സമകാലീനരായ മറ്റ് ബൗളര്‍മാര്‍ക്കൊന്നും അവകാശപ്പെടാനാവാത്ത ആ അപൂര്‍വ റെക്കോര്‍ഡ് ബുമ്ര കൈവിടുമെന്നാണ് കരുതുന്നത്.
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ എറിഞ്ഞു തളരുകയാണ് ഇന്ത്യൻ ബൗളര്‍മാര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയാണ് ക്രീസ് വിട്ടത്. 77 റണ്‍സുമായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും 21 റൺസുമായി ലിയാം ഡോസണും ക്രീസിലുണ്ട്. മൂന്ന് വിക്കറ്റ് കൂടി ശേഷിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 186 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.
മാഞ്ചസ്റ്റില്‍ ബാറ്റിംഗിന് അനുകൂല സാഹചര്യത്തില്‍ ഒരു ദിവസം മുഴുവന്‍ പന്തെറിഞ്ഞ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് മൂന്നാം ദിനം അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്. 26 ഓവര്‍ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് 113 റണ്‍സും 33 ഓവര്‍ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 117 റണ്‍സും വഴങ്ങി സെഞ്ചുറിയിട്ടപ്പോള്‍ മറ്റൊരു ഇന്ത്യൻ പേസറായ അന്‍ഷുല്‍ കാംബോജ് വഴങ്ങിയപ്പോള്‍ 18 ഓവറില്‍ 89 റണ്‍സ് വഴങ്ങി.
മറ്റ് ബൗളര്‍മാരെക്കാള്‍ റണ്‍വഴങ്ങുന്നതില്‍ പിശുക്ക് കാട്ടാറുള്ള ജസ്പ്രീത് ബുമ്രയാകട്ടെ 28 ഓവറില്‍ 95 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. 2018ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ജസ്പ്രീത് ബുമ്ര ഏഴ് വര്‍ഷത്തെ കരിയറില്‍ ഒരിക്കല്‍ പോലും ഒരു ഇന്നിംഗ്സില്‍ 100 റണ്‍സിലേറെ ബുമ്ര വഴങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ 28.4 ഓവറില്‍ 99 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തതായിരുന്നു ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്നിംഗ്സ്.
ഇന്ന് നാലാം ദിനം പന്തെറിയാനെത്തുമ്പോള്‍ സമകാലീനരായ മറ്റ് ബൗളര്‍മാര്‍ക്കൊന്നും അവകാശപ്പെടാനാവാത്ത ആ അപൂര്‍വ റെക്കോര്‍ഡ് ബുമ്ര കൈവിടുമെന്നാണ് കരുതുന്നത്. മൂന്നാം ദിനം ചായക്കുശേഷം പന്തെറിയാനെത്തിയ ബുമ്ര ഇംഗ്ലണ്ട് പര്യടനത്തിലെ ഏറ്റവും വേഗം കുറഞ്ഞ ഓവര്‍ ആണ് എറിഞ്ഞത്. ചായക്കുശേഷമുള്ള ബുമ്രയുടെ ആദ്യ ഓവറിലെ ശരാശരി വേഗത 129 കിലോ മീറ്റര്‍ മാത്രമായിരുന്നു.
ബുമ്രയുടെ സമകാലീനരായ പേസര്‍മാരില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് നാല് തവണ ഒരു ഇന്നിംഗ്സില്‍ 100 റണ്‍സിലേറെ വഴങ്ങിയപ്പോള്‍ ഹേസല്‍വുഡ് അഞ്ച് തവണയും കാഗിസോ റബാഡ 10 തവണയും മിച്ചല്‍ സ്റ്റാര്‍ക്ക് 14 തവണയും ഒരിന്നിംഗ്സില്‍ 100ലേറെ റണ്‍സ് വഴങ്ങിയിട്ടുണ്ട്.


