മുംബൈ: മികച്ച അന്താരാഷ്‌ട്ര ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പ്രശസ്‌തമായ പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് സമ്മാനിക്കും. 2019-19 സീസണിലെ പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം. വനിതകളില്‍ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്‌കാരം ലെഗ്‌ സ്‌പിന്നര്‍ പൂനം യാദവിനാണ്. അടുത്തിടെ അര്‍ജുന പുരസ്‌കാരം പൂനം സ്വീകരിച്ചിരുന്നു. 

ടെസ്റ്റില്‍ ബുമ്ര വരവറിയിച്ച കാലയളവ്

മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്കും ഇതിഹാസങ്ങള്‍ക്കുമുള്ള ആദരമാണ് പോളി ഉമ്രിഗര്‍ പുരസ്‌കാരം എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചു. മുംബൈയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക എന്നും ഏഴാം പട്ടൗഡി പ്രഭാഷണം മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് നടത്തുമെന്നും ദാദ വ്യക്തമാക്കി. 

2018 ജനുവരിയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ബുമ്ര ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ താരമാണ് ബുമ്ര. ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കഴിഞ്ഞ വര്‍ഷം ടീം ഇന്ത്യ ജയിച്ചപ്പോള്‍(2-1) നിര്‍ണായമായിരുന്നു ബുമ്രയുടെ പ്രകടനം. 12 ടെസ്റ്റുകളില്‍ നിന്ന് 62 വിക്കറ്റ് വീഴ്‌ത്താന്‍ ബുമ്രക്കായി. 

ക‍ൃഷ്‌ണമാചാരി ശ്രീകാന്തിനും അന്‍ജും ചോപ്രക്കും ആദരം

ഇന്ത്യന്‍ മുന്‍ നായകന്‍മാരായ ക‍ൃഷ്‌ണമാചാരി ശ്രീകാന്തിനും അന്‍ജും ചോപ്രയ്‌ക്കും സികെ നായുഡു ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡും ബിസിസിഐ ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡും നല്‍കി ആദരിക്കും. 1983 ലോകകപ്പ് കീരിടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീകാന്ത് 38 റണ്‍സുമായി അന്ന് ടോപ് സ്‌കോററായിരുന്നു. ശ്രീകാന്ത് മുഖ്യ സെലക്‌ടറായിരുന്നപ്പോഴാണ് ടീം ഇന്ത്യ രണ്ടാമത്തെ ഏകദിന ലോകകപ്പ് കീരിടം(2011) നേടിയത്. 

വനിതാ ക്രിക്കറ്റില്‍ ആദ്യമായി 100 ഏകദിനം കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് അന്‍ജും ചോപ്ര. 17 വര്‍ഷം നീണ്ട കരിയറില്‍ നാല് ഏകദിന ലോകകപ്പുകളില്‍ അന്‍ജും കളിച്ചു. 127 ഏകദിങ്ങള്‍ കളിച്ച മുന്‍താരം 2856 റണ്‍സും ഒന്‍പത് വിക്കറ്റും നേടി. 12 ടെസ്റ്റും 18 ടി20യും അന്‍ജും ചോപ്ര കളിച്ചിട്ടുണ്ട്.