ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ സിംബാബ്‌വെയിലെ വിക്ടോറിയ ഫോൾസിന് സമീപം പുതുതായി നിർമിച്ച മോസി-ഓ-തുന്യ ഇന്‍റർനാഷണൽ സ്റ്റേഡിയം ലോകകപ്പ് മത്സരവേദി പ്രഖ്യാപനത്തിലെ പ്രധാന ആകർഷണമാണ്.

ജോഹ്നാസ്ബർഗ്: 2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളും ഔദ്യോഗിക ലോഗോയും പുറത്തുവിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ വൻകരയിലേക്ക് തിരിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുക. 14 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ആകെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ സിംബാബ്‌വെയിലെ വിക്ടോറിയ ഫോൾസിന് സമീപം പുതുതായി നിർമിച്ച മോസി-ഓ-തുന്യ ഇന്‍റർനാഷണൽ സ്റ്റേഡിയം ലോകകപ്പ് മത്സരവേദി പ്രഖ്യാപനത്തിലെ പ്രധാന ആകർഷണമാണ്.

ദക്ഷിണാഫ്രിക്കയില്‍ 8 ഗ്രൗണ്ടുകളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. വാണ്ടറേഴ്സ് സ്റ്റേഡിയം (ജോഹന്നസ്ബർഗ്), സൂപ്പർസ്പോർട്ട് പാർക്ക് (സെഞ്ചൂറിയൻ), ന്യൂലാൻഡ്സ് (കേപ് ടൗൺ), കിങ്സ്മീഡ് (ഡർബൻ), സെന്‍റ് ജോർജ് പാർക്ക് (ഗെബെഹ), മംഗാങ് ഓവൽ (ബ്ലൂംഫോണ്ടെയ്ൻ), ബോലാണ്ട് പാർക്ക് (പാർൾ), ബഫലോ പാർക്ക് (കിഴക്കൻ ലണ്ടൻ / കൂഗോമ്പോ).

സിംബാബ്‌വെയില്‍ 3 ഗ്രൗണ്ടുകളാണ് ലോകകപ്പിന് വേദിയാകുന്നത്. മോസി-ഓ-തുന്യ ഇന്‍റർനാഷണൽ സ്റ്റേഡിയം (വിക്ടോറിയ ഫോൾസ്), ഹരാരെ സ്പോർട്സ് ക്ലബ് (ഹരാരെ), ക്വീൻസ് സ്പോർട്സ് ക്ലബ് (ബുലവായോ) എന്നിവയാണ് സിംബാബ്‌വെയിലെ വേദികള്‍. നമീബിയയില്‍ ഒരു ഗ്രൗണ്ടില്‍ മാത്രമാണ് മത്സരമുള്ളത്. വിൻഡ്ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടാണ് ലോകകപ്പിന് വേദിയാകുക.

ജോഹ്നാസ്ബർഗിലെ ഇനാൻഡ പോളോ ക്ലബ്ബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ലോകകപ്പ് ലോഗോ പുറത്തിറക്കിയത്. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, ടെംബ ബവൂമ, കാഗിസോ റബാഡ, സിംബാബ്‌വെ താരം ഹാമിൽട്ടൺ മസകദ്സ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. "ഞാനുണ്ട്, കാരണം നമ്മളുണ്ട്" എന്ന ആഫ്രിക്കൻ ദർശനമായ 'ഉബുണ്ടു' ആശയത്തെ അടിസ്ഥാനമാക്കിയാണ് "മേക്ക് ദി സർക്കിൾ ബിഗ്ഗർ" എന്ന ടൂർണമെന്‍റ് ടാഗ്‌ലൈൻ തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കൻ പരമ്പരാഗത നെയ്ത്ത് പാത്രങ്ങളുടെ ശൈലിയിലാണ് ലോഗോ ഡിസൈൻ. 'സിംബാബ്‌വെ ചില്ലി', 'നമീബ് ഡ്യൂൺ', 'ഹരാരെ ഡോൺ', 'ടു ഓഷ്യൻസ്' എന്നീ പ്രാദേശിക നിറക്കൂട്ടുകൾ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ആഫ്രിക്കൻ വൻകരയുടെ സാംസ്കാരിക പാരമ്പര്യവും കായികപ്രേമവും ഒന്നിക്കുന്ന മികച്ചൊരു ടൂർണമെന്റായിരിക്കും ഇതെന്ന് ഐസിസി ചെയർമാൻ ജയ് ഷാ അഭിപ്രായപ്പെട്ടു.

Scroll to load tweet…

പുതിയ ഫോർമാറ്റും കടുത്ത വിമർശനങ്ങളും

14 ടീമുകൾ പങ്കെടൂക്കുന്ന ടൂർണമെന്റിൽ ആകെ 57 മത്സരങ്ങളാണുണ്ടാകുക. എന്നാൽ ടൂർണമെന്‍റിനായി ഐസിസി പുതുതായി കൊണ്ടുവന്ന മൂന്ന് ഘട്ടങ്ങളുള്ള മത്സരഘടന ഇതിനകം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സൂപ്പർ സീരീസിൽ യോഗ്യത നേടുന്ന താഴ്ന്ന റാങ്കിലുള്ള 3 ടീമുകൾ പോരാടും. ഗ്രൂപ്പ് ഘട്ടത്തില്‍ 6 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളിലായി 30 മത്സരങ്ങളുണ്ടാകും. മികച്ച 7 ടീമുകൾ മാറ്റുരയ്ക്കുന്ന സൂപ്പർ സെവൻ റൗണ്ടില്‍ 21 മത്സരങ്ങളാകും ഉണ്ടാകുക.

പുതിയ ഫോർമാറ്റ് വളർന്നുവരുന്ന അസോസിയേറ്റ് രാജ്യങ്ങൾക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ്, സ്കോട്ട്‌ലൻഡ് നായകൻ റിച്ചി ബെറിങ്ടൺ, നമീബിയ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് എന്നിവരുൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. അതേസമയം, ഫൈനലിൽ എത്തുന്ന ടീം 15 മത്സരങ്ങൾ വരെ കളിക്കേണ്ടി വരുമെന്നതിനാൽ ടീം സ്ക്വാഡ് പരിധി 17 ആയി ഉയർത്തണമെന്ന് ഓസ്ട്രേലിയൻ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക