പരിക്കുമൂലം വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജസ്‌പ്രീത് ബുമ്ര

ബെംഗളൂരു: ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇന്ത്യന്‍ പേസ് എക്‌സ്‌പ്രസ് ജസ്‌പ്രീത് ബുമ്രയുടെ പരിശീലന വീഡിയോ. പരിക്കില്‍ നിന്ന് അതിവേഗം മുക്തനാകുന്ന താരം ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതാണ് വീഡിയോയില്‍. ബുമ്ര തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. 

പരിക്കുമൂലം വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജസ്‌പ്രീത് ബുമ്ര. പരമ്പരയ്‌ക്കിടെയാണ് ബുമ്രക്ക് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ നടന്ന പരമ്പര ബുമ്രക്ക് നഷ്ടമായിരുന്നു. ബംഗ്ലാദേശിനെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ്-ടി20 പരമ്പരകള്‍ക്കുള്ള ടീമിലും ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും താരം അതിവേഗം സുഖംപ്രാപിക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. 

Scroll to load tweet…

ബുമ്ര എപ്പോള്‍ തിരിച്ചെത്തും? ഉത്തരമായി...

ബുമ്രക്ക് ശസ്‌ത്രക്രിയ ആവശ്യമില്ലെന്നും സ്വാഭാവികമായി പരിക്കില്‍ നിന്ന് മോചിതമാകുന്നതായും ബൗളിംഗ് കോച്ച് ഭരത് അരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കിവികള്‍ക്കെതിരായ പരമ്പര വലിയ വെല്ലുവിളിയാണ്. നിലവിലെ സാഹചര്യത്തില്‍ ബുമ്രക്ക് ശസ്‌ത്രക്രിയയുടെ ആവശ്യമില്ല എന്നും ഭരത് അരുണ്‍ പറഞ്ഞു. 

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ബുമ്രയുടെ കാര്യത്തില്‍ സാഹസത്തിന് ബിസിസിഐ തയ്യാറല്ല. ഇതിനാല്‍ താരത്തെ വിദഗ്ധ പരിശോധനയ്‌ക്ക് ലണ്ടനിലേക്ക് അയച്ചിരുന്നു. ബുമ്രയുടെ അഭാവത്തിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് നേടിയത് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ആത്മവിശ്വാസവും നിലനിര്‍ത്തുന്നുണ്ട്. അതിനാല്‍ താരത്തിന്‍റെ പരിക്ക് പൂര്‍ണമായും ഭേദമായ ശേഷമേ ടീമിലേക്ക് തിരിച്ചുവിളിക്കൂ.