ബംഗളൂരു: കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവരുടെ ലോഗോ മാറ്റിയത്. വലിയ സ്വീകാര്യതയാണ് പുതിയ ലോഗോയ്ക്ക് ലഭിച്ചത്. എന്നാല്‍ പലരും ട്രോളുമായി രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ ഒരു ട്രോള്‍ കമന്റുമായി വന്നിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര. ഇന്‍സ്റ്റഗ്രാമില്‍ ആര്‍സിബിയുടെ ട്വീറ്റിന് താഴെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍ കൂടിയായ ബൂമ്ര കമന്റിട്ടത്.

ലോഗോയില്‍ ഒരു സിംഹത്തിന്റെ ചിത്രമുണ്ടായിരുന്നു. ആ ചിത്രം ശ്രദ്ധിച്ച ബൂമ്ര താഴെ കമന്റിട്ടു. അതിങ്ങനെയായിരുന്നു. ''നല്ല ലോഗോ, എന്റെ ബൗളിങ് ആക്ഷന്‍ പോലെയുണ്ട്.'' ഇതായിരുന്നു ബൂമ്രയുടെ കമന്റ്. കൂടെ പൊട്ടിച്ചിരിക്കുന്ന സ്മൈലിയും ചേര്‍ത്തിട്ടുണ്ട്. കമന്റ് കാണാം.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ താരത്തിന് തിളങ്ങാനായിരുന്നില്ല. മൂന്ന് ഏകദിനങ്ങളില്‍ ഒരു ഏകദിനത്തില്‍ പോലും താരത്തിന് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ത്രിദിന സന്നാഹ മത്സരത്തില്‍ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.