ബുമ്ര നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണം വ്യക്തമായിരിക്കുകയാണ്. ബുമ്രയുടെ കുടുംബത്തില്‍ ഒരു അംഗം കൂടിയെത്തി. ബുമ്രയ്ക്കും ഭാര്യ സഞ്ജന ഗണേശനും കുഞ്ഞ് പിറന്നു.
കൊളംബൊ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര കളിക്കില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയിരുന്നു. ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി പന്തെടുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുമ്ര തിരിച്ചെത്തും. 29 കാരനായ ബുമ്ര അടുത്തകാലത്താണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തിരുന്ന അദ്ദേഹം അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ ക്യാപറ്റനായി തിരിച്ചെത്തുകയായിരുന്നു.
എന്നാലിപ്പോള്‍ ബുമ്ര നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണം വ്യക്തമായിരിക്കുകയാണ്. ബുമ്രയുടെ കുടുംബത്തില്‍ ഒരു അംഗം കൂടിയെത്തി. ബുമ്രയ്ക്കും ഭാര്യ സഞ്ജന ഗണേശനും കുഞ്ഞ് പിറന്നു. അങ്കത് ജസ്പ്രിത് ബുമ്രയെന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം ബുമ്ര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായെത്തിയത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വായിക്കാം...
പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മഴ കളി മുടക്കിയത് കാരണം ബുമ്രയ്ക്ക് പന്തെറിയേണ്ടി വന്നിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266ന് എല്ലാവരും പുറത്തായിരുന്നു. പിന്നാലെ മഴയെത്തി. ഇടയ്ക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായ മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. പാകിസ്ഥാന്‍ മൂന്ന് പോയിന്റോടെ സൂപ്പര്‍ ഫോറിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ പാകിസ്ഥാനെതിരെ സീനിയര്‍ താരങ്ങളുടെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തി.
വിരാട് കോലി (4), രോഹിത് ശര്‍മ (11), ശുഭ്മാന്‍ ഗില്‍ (32 പന്തില്‍ 10), ശ്രേയസ് അയ്യര്‍ (14) എന്നിവര്‍ക്കൊന്നും തിളങ്ങാനായിരുന്നില്ല. ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കെ പ്രധാന താരങ്ങള്‍ക്ക് തിളങ്ങാനാവാതെ പോയത് ആരാധകരെ നിരാശരാക്കി. ഇഷാന്‍ കിഷന്‍ (82), ഹാര്‍ദിക് പാണ്ഡ്യ (87) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
