ലാഹോർ: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിരാട് കോലിക്ക് കീഴില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനക്കാരാണ് ടീം ഇന്ത്യ. ഏകദിന റാങ്കിംഗില്‍ രണ്ടാംസ്ഥാനവുമുണ്ട് നീലപ്പടക്ക്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍ തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്.

ഇവരില്‍ ആരാണ് മികച്ച താരം എന്ന് പറയുക പ്രയാസം. എന്നാല്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന് ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. കോലിയാണ് തനിക്ക് പ്രിയപ്പെട്ട താരമെന്ന് മിയാന്‍ദാദ് പറയുന്നു. 

'ആരാണ് മികച്ച ഇന്ത്യന്‍ താരമെന്ന് ചോദിച്ചാല്‍ വിരാട് കോലി എന്നാണ് ഉത്തരം. കോലിയേക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല, അയാളുടെ പ്രകടനം തന്നെ തെളിവ്. ദക്ഷിണാഫ്രിക്കയില്‍ വിരാട് മികച്ച പ്രകടനം പുറത്തെടുത്തു. പരിചയമില്ലാത്ത പിച്ചില്‍ സെഞ്ചുറി നേടി. കോലിക്ക് പേസർമാരെ പേടിയാണെന്നോ ബൌണ്‍സുള്ള പിച്ചില്‍ കളിക്കാനാവില്ലെന്നോ പറയാനാവില്ല. അയാളൊരു ക്ലീന്‍ ഹിറ്ററാണ്. ഷോട്ടുകള്‍ കാണുക, കാണാന്‍ അഴകുള്ള ക്ലാസ് ബാറ്റിംഗാണ് അതെന്നും മിയാന്‍ദാദ് പറഞ്ഞു.

Read more: ഈ പാക് ടീമിലെ ഒരാള്‍ പോലും ഇന്ത്യയിലാണെങ്കില്‍ ദേശീയ ടീമിലെത്തില്ല: മിയാന്‍ദാദ്

പാകിസ്ഥാന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് മിയാന്‍ദാദ്. പാക്കിസ്ഥാനായി 124 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മിയാൻദാദ് 8832 റൺസും 233 ഏകദിനങ്ങളിൽനിന്ന് 7381 റൺസും നേടിയിട്ടുണ്ട്.