കറാച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. പാക് വീഡിയോ വെബ്‌സൈറ്റായ പാക് പാഷന്‍ ഡോട്ട് നെറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മിയാന്‍ദാദ് ഐസിസിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഐസിസിയോട് എനിക്ക് പറയാനുള്ളത് ഇന്ത്യയില്‍ ഒരു ടീമും ഇനി സന്ദര്‍ശനം നടത്തരുതെന്നാണ്. ഇക്കാര്യത്തില്‍ ഐസിസിയില്‍ നിന്ന് നീതി കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകത്തോട് ഐസിസി എന്താണ് വിളിച്ചുപറയാന്‍ പോകുന്നതെന്ന് അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കണമെന്നും മിയാന്‍ദാദ് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Javed Miandad tells ICC to stop teams from touring India from Abdullah Ansari on Vimeo.

ഇന്ത്യയില്‍ വംശീയ പ്രക്ഷോഭമാണ് നടക്കുന്നത്, കശ്മീരികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ വെറുപ്പ് പടര്‍ത്തുകയാണ്. കായികതാരങ്ങള്‍ എന്ന നിലയ്ക്ക് നമ്മള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണം എന്നും മിയാന്‍ദാദ് വീഡിയോയില്‍ പറയുന്നു. എല്ലാ രാജ്യങ്ങളും മനുഷ്യരും ഇന്ത്യയെ അപലപിക്കണമെന്നും ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും എല്ലാവരും ആശങ്കാകുലരാണെന്നും മിയാന്‍ദാദ് പറയുന്നു.

ഇന്ത്യയില്‍ മൃഗങ്ങളെപ്പോലെ മനുഷ്യരെ കൊല്ലുകയാണ്. ഇന്ത്യയെ നാണം കെടുത്തണം. ഇന്ത്യയുടെ കഥ തീര്‍ന്നു. ഇത്രയും പ്രക്ഷോഭം നടക്കുന്ന ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുക എന്നത് സുരക്ഷിതമല്ല. മറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റിന് എത്രയോ സുരക്ഷിതമാണെന്നും മിയാന്‍ദാദ് പറഞ്ഞു.