മത്സരശേഷം കമന്‍ററി ബോക്സിലിരുന്ന് രവി ശാസ്ത്രിയാണ് ജയ് ഷായുടെ ഫെബ്രുവരിയിലെ പ്രവചനം ഓര്‍മിപ്പിച്ചത്.

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തി ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രവചനം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജയ് ഷാ ഇന്ത്യ ടി20 ലോകകപ്പില്‍ കിരീടം നേടുമെന്ന് പ്രവചിച്ചത്.

ലോകകപ്പിനെക്കുറിച്ചുള്ള എന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ എല്ലാവരും കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. 2023സെ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി 10 കളികള്‍ ജയിച്ച് ഫൈനലിലെത്തിയിട്ടും നമുക്ക് കിരീടം നേടാനായില്ല. പക്ഷെ ആരാധകരുടെ ഹൃദയം ജയിച്ചാണ് നമ്മള്‍ മടങ്ങിയത്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസിക്ക് കീഴില്‍ ഇന്ത്യ ബാര്‍ബഡോസില്‍ ടി20 ലോകകപ്പ് ഉയര്‍ത്തും-ഫെബ്രുവരിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാംടെസ്റ്റിന് മുന്നോടിയായി രാജ്കോട്ട് സ്റ്റേഡിയത്തിന്‍റെ പേര് നിരഞ്ജൻ ഷാ സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങിലായിരുന്നു ജയ് ഷായുടെ പ്രവചനം.

അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി ഹാര്‍ദ്ദിക്കിന് രോഹിത്തിന്‍റെ സ്നേഹചുംബനം; ഏറ്റെടുത്ത് ആരാധക‍ർ

ഈ ചടങ്ങിലാണ് രോഹിത് തന്നെയായിരിക്കും ഇന്ത്യയെ ടി20 ലോകകപ്പിലും നയിക്കുക എന്ന കാര്യം ജയ് ഷാ പരസ്യമാക്കിയത്. അതുവരെ ഹാര്‍ദ്ദിക് പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമെന്നായിരുന്നു ആരാധകര്‍പോലും കരുതിയിരുന്നത്. ഇന്നലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരം കാണാന്‍ ജയ് ഷായും ബിസിസിഐ പ്രസഡിന്‍റ് റോജര്‍ ബിന്നിയും മറ്റ് ബിസിസിഐ ഭാരവാഹികളും സ്റ്റേഡിയത്തിലെത്തിയിരുന്നു. ലോകകപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചതും ജയ് ഷാ ആയിരുന്നു.

Scroll to load tweet…

മത്സരശേഷം കമന്‍ററി ബോക്സിലിരുന്ന് രവി ശാസ്ത്രിയാണ് ജയ് ഷായുടെ ഫെബ്രുവരിയിലെ പ്രവചനം ഓര്‍മിപ്പിച്ചത്. രാജകോട്ടില്‍ അന്ന് ജയ് ഷാ നടത്തിയ പ്രവചനത്തെക്കുറിച്ച് പരാമര്‍ശിച്ച രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റിലെ നോസ്ട്രഡാമസ് ആണ് ജയ് ഷാ എന്നും പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യയുടെ രണ്ടാമത്തെ ടി20 ലോകകപ്പ് കിരീട നേട്ടമാണിത്. 2007ല്‍ എം എസ് ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക