ദില്ലി: രഞ്ജി ട്രോഫിയില്‍ സൌരാഷ്‍ട്രയെ കിരീടത്തിലേക്ക് നയിച്ച ഇടംകൈയന്‍ പേസർ ജയദേവ് ഉനദ്‍ഘട്ടിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് മുന്‍ താരം കർസാന്‍ ഗാവ്‍റി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ചേതേശ്വർ പൂജാര രംഗത്തെത്തിയിരുന്നു. 

രഞ്ജിയില്‍ 2019-20 സീസണിലെ ഉയർന്ന വിക്കറ്റ്‍ വേട്ടക്കാരനായിരുന്നു ഉനദ്ഘട്ട്. സൌരാഷ്‍ട്ര നായകനായ ഉനദ്‍ഘട്ട് 10 മത്സരങ്ങളില്‍ നിന്ന് 67 വിക്കറ്റാണ് വീഴ്‍ത്തിയത്. 

'രഞ്ജി ട്രോഫിയില്‍ ഉനദ്‍ഘട്ടിന്‍റെ ബൌളിംഗും ക്യാപ്റ്റന്‍സിയും അസാധാരണമായിരുന്നു. ഈ പ്രകടനത്തില്‍ അടിസ്ഥാനത്തില്‍ താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ഇപ്പോള്‍ ലഭിക്കേണ്ടതുണ്ട്. അടുത്ത ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടർമാർ എപ്പോഴാണോ ഇരിക്കുന്നത് ഉനദ്‍ഘട്ടിനെ ടീമിലെടുക്കണം. സഹീർ ഖാന്‍റെ ഒഴിവിലേക്ക് ഏറ്റവും അനുയോജ്യനായ ഇടംകൈയന്‍ പേസറാണ് ഉനദ്‍ഘട്ട്. അയാള്‍ ആരോഗ്യവാനാണ്, മികച്ച പ്രകടനം പുറത്തെടുക്കുന്നു, വിക്കറ്റ് നേടുന്നുണ്ട്' എന്നും സൌരാഷ്‍ട്ര പരിശീലകസ്ഥാനം ഒഴിയുന്ന കർസാന്‍ ഗാവ്‍റി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ഇന്ത്യക്കായി ഇതുവരെ ഒരു ടെസ്റ്റ് കളിക്കാന്‍ മാത്രമാണ് ജയദേവ് ഉനദ്‍ഘട്ടിന് അവസരം ലഭിച്ചത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെയായിരുന്നു ആ മത്സരം. അന്ന് പത്തൊമ്പതുകാരനായ താരത്തിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല. ഇന്ത്യയെ ഏഴ് ഏകദിനങ്ങളും 10 ടി20യിലും ഉനദ്‍ഘട്ട് പ്രതിനിധീകരിച്ചിട്ടുണ്ട്. അവസാന ഏകദിനം 2013ലും ടി20 2018ലുമായിരുന്നു.   

'രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും നിർണായക വിക്കറ്റുകള്‍ നേടി ഉനദ്‍ഘട്ട് കളി സൌരാഷ്ട്രക്ക് അനുകൂലമാക്കി. ഒരു രഞ്ജി സീസണില്‍ 67 വിക്കറ്റ് എടുക്കുന്നതിനേക്കാള്‍ മികച്ച പ്രകടനം ഒരാള്‍ക്ക് പുറത്തെടുക്കാന്‍ കഴിയില്ല. താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചില്ലെങ്കില്‍ വലിയ അത്ഭുതമായിരിക്കും' എന്നുമായിരുന്നു ചേതേശ്വർ പൂജാരയുടെ വാക്കുകള്‍.