ഷഹബാസ് നദീമിന്റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കയറി കവറിലേക്ക് തട്ടിയിട്ട ഉനദ്ഘട്ട് അതിനുശേഷം തിരിച്ചു ക്രീസില്‍ ബാറ്റ് കുത്താതെ പന്ത് പിച്ച് ചെയ്ത ഇടം പരിശോധിക്കാനായി പോയി.

റാഞ്ചി: ഐപിഎല്ലിലെ പൊന്നുംവിലയുള്ള താരമാണ് ജയദേവ് ഉനദ്‌ഘട്ട്. എന്നാല്‍ ദേവ്‌ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിനിടെ ഒരു നിമിഷം ഉനദ്ഘട്ട് ക്രിക്കറ്റിന്റെ ബാലപാഠം മറന്നപ്പോള്‍ പറ്റിയത് വന്‍ അബദ്ധം. ഇന്ത്യ ബിക്കെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്ത്യ എക്കായി ക്രീസില്‍ നിന്നിരുന്ന ഉനദ്ഘട്ടിന് അബദ്ധം പറ്റിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ 302 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ എ 176/7 എന്ന നിലയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് ഉനദ്ഘട്ട് ഒരു നിമിഷത്തെ അബദ്ധത്തില്‍ പുറത്തായത്. 43-ാം ഓവറിലായിരുന്നു രസകരമായ സംഭവം. ഷഹബാസ് നദീമിന്റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കയറി കവറിലേക്ക് തട്ടിയിട്ട ഉനദ്ഘട്ട് അതിനുശേഷം തിരിച്ചു ക്രീസില്‍ ബാറ്റ് കുത്താതെ പന്ത് പിച്ച് ചെയ്ത ഇടം പരിശോധിക്കാനായി പോയി.

Scroll to load tweet…

ഈ സമയം കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കേദാര്‍ ജാദവ് പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് നല്‍കി. പാര്‍ഥിവ് ബെയ്‌ലിളക്കി ഔട്ടിനായി അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും എന്താണ് സംഭവിച്ചതെന്ന് ഉനദ്‌ഘട്ടിന് മനസിലായില്ല. ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു നടക്കുകയല്ലാതെ ഉനദ്ഘട്ടിന് മറ്റ് വഴികളുണ്ടായില്ലെന്ന് മാത്രം.