കിംഗ്‌സ്റ്റണ്‍: കിംഗ്‌സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ ബൗണ്‍സറേറ്റ് പരിക്കേറ്റ വിന്‍ഡീസ് ബാറ്റ്സ്‌മാന്‍ ഡാരന്‍ ബ്രാവോയ്‌ക്ക് പകരം ജെറമൈന്‍ ബ്ലാക്ക്‌വുഡ് മത്സരം പൂര്‍ത്തിയാക്കും. ഐസിസി അടുത്തിടെ നടപ്പാക്കിയ 'കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്' നിയമം വഴിയാണ് ജെറമൈന് കളിക്കാന്‍ അവസരമൊരുങ്ങിയത്. 

കിംഗ്സ്റ്റണ്‍ ടെസ്റ്റിനുള്ള വിന്‍ഡീസ് സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്ന താരമാണ് ജെറമൈന്‍ ബ്ലാക്ക്‌വുഡ് എന്നത് ശ്രദ്ധേയമാണ്. വെസ്റ്റ് ഇന്‍ഡീസിനായി 27 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ജെറമൈന്‍ ബ്ലാക്ക്‌വുഡ് 2017ല്‍ സിംബാബ്‌വെക്കെതിരായാണ് അവസാനം കളിച്ചത്

മൂന്നാം ദിനം അവസാന ഓവറിലാണ് ബുമ്രയുടെ പന്ത് ബ്രാവോയുടെ ഹെല്‍മറ്റില്‍ പതിച്ചത്. എങ്കിലും താരം ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നു. നാലാം ദിനം രാവിലെ പാഡണിഞ്ഞ് ക്രീസിലെത്തിയെങ്കിലും അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ച ബ്രാവോ മൂന്ന് ഓവറുകള്‍ക്ക് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. തലേദിവസത്തെ സ്‌കോറായ 18നോട് അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ബ്രാവോ മടങ്ങിയത്. 

ഒരു താരത്തിന്‍റെ തലയ്‌ക്ക് പരിക്കേറ്റാല്‍ മാത്രമാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കൂ. ഈ താരത്തിന് ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനുമുള്ള അവകാശമുണ്ട്. 
രണ്ടാം ആഷസ് ടെസ്റ്റില്‍ സ്‌റ്റീവ് സ്‌മിത്തിന് പകരം കളത്തിലിറങ്ങിയ മര്‍നസ് ലബുഷാഗ്നെയാണ് 'കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്' നിയമം പ്രകാരം ആദ്യമായി കളിച്ച താരം.