റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ജാര്‍ഖണ്ഡ്. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ഫോളോ ഓണ്‍ ചെയ്തശേഷം ജയം നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് ജാര്‍ഖണ്ഡ‍് ത്രിപുരക്കെതിരായ വിജയത്തോടെ സ്വന്തമാക്കിയത്.

ആദ്യ ഇന്നിംഗ്സില്‍ 136 റണ്‍സിന് പുറത്തായ ജാര്‍ഖണ്ഡിനെതിരെ ത്രിപുര 289 റണ്‍സെടുത്തു. രണ്ട് ദിവസം ബാക്കിയിരിക്കെ ജാര്‍ഖണ്ഡിനെ ഫോള്‍ ഓണ്‍ ചെയ്യിച്ച ത്രിപുരക്ക് പിഴച്ചു. 138/5 എന്ന നിലയില്‍ തകര്‍ന്ന ജാര്‍ഖണ്ഡ് ഇന്നിംഗ്സ് പരാജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും സൗരഭ് തിവാരിയും ഇഷാങ്ക് ജഗ്ഗിയും ആറാം വിക്കറ്റില്‍ 252 റണ്‍സടിച്ച് ത്രിപുരയുടെ പദ്ധതികള്‍ പൊളിച്ചു.

സൗരഭ് തിവാരി 122 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജഗ്ഗി 107 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇടയ്ക്ക് ജഗ്ഗി റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ ജാര്‍ഖണ്ഡിന് മൂന്ന് വിക്കറ്റകള്‍ കൂടി നഷ്ടമായി. എന്നാല്‍ തിരിച്ചെത്തി ജഗ്ഗി സെഞ്ചുറി പൂര്‍ത്തിയാക്കി ജാര്‍ഖണ്ഡിന് മികച്ച നിലയില്‍ എത്തിച്ചു.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ജാര്‍ഖണ്ഡ് ത്രിപുരയെ വീണ്ടും ബാറ്റിംഗിനയച്ചു. ത്രിപുരയെ 211 റണ്‍സിന് ഓള്‍ ഔട്ടാക്കി 54 റണ്‍സിന്റെ ജയം ആഘോഷിച്ച ജാര്‍ഖണ്ഡിന്റെ വിജയത്തെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ ഓസട്രേലിയക്കെതിരെ നേടിയ ജയത്തോടാണ് ആരാധകര്‍ ഉപമിക്കുന്നത്.