ബര്‍മിംഗ്‌ഹാം: ആഷസ് ഒന്നാം ടെസ്റ്റിനിടെ ഇംഗ്ലണ്ടിന് ആശങ്കയായി സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ പരിക്ക്. നാലാം ഓവറിനിടെ കാലിന് പരിക്കേറ്റ താരത്തെ സ്‌കാനിംഗിന് വിധേയമാക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

ആദ്യ സ്‌പെല്ലിന് ശേഷം ആന്‍ഡേഴ്‌സണ്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം തിരിച്ചെത്തിയെങ്കിലും താരത്തിന് സ്‌കാനിംഗ് അനിവാര്യമാണ് എന്ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ബോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്‌ച അയര്‍ലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരിക്കുമൂലം താരത്തിന് നഷ്ടമായിരുന്നു. 

ആന്‍ഡേഴ്‌സണിന്‍റെ പരിക്കില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നുണ്ടാകും. ആന്‍ഡേഴ്‌സണിന്‍റെ പരിക്കിനിടയിലും മിന്നും പ്രകടനമാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ കാഴ്‌ചവെക്കുന്നത്. 112 റണ്‍സെടുക്കുന്നതിനിടെ ഏഴ് ഓസീസ് ബാറ്റ്സ്‌മാന്‍മാരെ പറഞ്ഞയച്ചു. പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ക്രിസ് വോക്‌‌സ് മൂന്നും വിക്കറ്റ് വീഴ്‌ത്തി.