2021ല്‍ സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് മെസിക്ക് പുതിയ കരാര്‍ നല്‍കാനാവാത്തതില്‍ ദു:ഖിതനായിരുന്നുവെന്നും പക്ഷെ മെസി ബാഴ്സ കുപ്പായത്തില്‍ നേടിയ 672 ഗോളുകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും ലപ്പോര്‍ട്ട പറഞ്ഞു

ബാഴ്സലോണ: പി എസ് ജി വിട്ട ലിയോണല്‍ മെസി ബാഴ്സലോണയില്‍ തിരിച്ചെത്താതെ യു എസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്‍റര്‍ മിയാമി തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്‍റ് യുവാന്‍ ലാപ്പോര്‍ട്ട. മെസി തിരിച്ചുവരുമായിരുന്നു, കാരണം ബാഴ്സയാണ് അദ്ദേഹത്തിന്‍റെ സ്വന്തം ക്ലബ്ബ്. അതുകൊണ്ടുതന്നെ മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാം ഞങ്ങള്‍ ഒരുക്കിയതുമാണ്.

മെസിയുടെ ആഗ്രഹവും ബാഴ്സയില്‍ തിരിച്ചെത്തുക എന്നതായിരുന്നു. പക്ഷെ പാരീസില്‍ അദ്ദേഹം ഒരുപാട് സമ്മര്‍ദ്ദം അനുഭവിച്ചു.അതുകൊണ്ടുതന്നെ കരിയറില്‍ ഇനി അധികം സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അനുവദിക്കണമെന്ന് മെസിയുടെ പിതാവ് ഹോര്‍ഗെ മെസി ഞങ്ങളെ അറിയിച്ചു. അതുകൊണ്ടാവാം മെസി ഇന്‍റര്‍ മിയാമി തെരഞ്ഞെടുത്തത്. മെസിയുടെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇന്‍റര്‍ മിയാമിയില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താനാവട്ടെ-ലപ്പോര്‍ട്ട പറഞ്ഞു.

2021ല്‍ സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് മെസിക്ക് പുതിയ കരാര്‍ നല്‍കാനാവാത്തതില്‍ ദു:ഖിതനായിരുന്നുവെന്നും പക്ഷെ മെസി ബാഴ്സ കുപ്പായത്തില്‍ നേടിയ 672 ഗോളുകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും ലപ്പോര്‍ട്ട പറഞ്ഞു. മെസിക്ക് ബാഴ്സയില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. മെസി സജീവ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ബാഴ്സയില്‍ പുതിയ പദവിയില്‍ ഇതിഹാസ താരം തിരിച്ചെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഫിഫ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ, വീണ്ടും ആദ്യ നൂറില്‍

സീസണൊടുവില്‍ പി എസ് ജി വിട്ട മെസി ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതതയിലുള്ള യു എസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്‍റര്‍ മയാമിയാണ് തെരഞ്ഞെടുത്തത്. ബാഴ്സക്ക് പുറമെ മാഞ്ചസ്റ്റര്‍ സിറ്റി,സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവിടങ്ങളില്‍ നിന്നും മെസിക്ക് ഓഫറുകളുണ്ടായിരുന്നു. പി എസ് ജി വിട്ട മെസി ഇപ്പോള്‍ അര്‍ജന്‍റീനക്കായി സൗഹൃദ മത്സരങ്ങള്‍ കളിക്കുകയാണ്.