2535 റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. സച്ചിനെയും മറികടന്ന് ഒന്നാമനാവാന്‍ റൂട്ടിന് ഇനി വേണ്ടത് വെറും 26 റണ്‍സ് മാത്രവും.

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അപരാജിത സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്‍റെ വിജയശില്‍പിയായതിനൊപ്പം ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ട് പിന്നിലാക്കിയത് ഇതിഹാസ താരങ്ങളെ. രണ്ടാം ഇന്ന്നിംഗ്സില്‍ 143 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ട് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്ററായി. 2012 മുതല്‍ കളിച്ച 25 ടെസ്റ്റില്‍ നിന്ന് 62.72 ശരാശരിയില്‍ 2509 റണ്‍സാണ് 31കാരനായ റൂട്ട് ഇതുവരെ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ 38 ടെസ്റ്റില്‍ നിന്ന് 2483 റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറെയാണ് റൂട്ട് ഇന്ന് പിന്നിലാക്കിയത്.

2535 റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. സച്ചിനെയും മറികടന്ന് ഒന്നാമനാവാന്‍ റൂട്ടിന് ഇനി വേണ്ടത് വെറും 26 റണ്‍സ് മാത്രവും. ഇന്ത്യക്കെതിരെ റൂട്ട് നേടുന്ന ഒമ്പതാമത്തെ സെഞ്ചുറിയാണ് ഇന്ന് എഡ്ജ്ബാസ്റ്റണിലേത്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തം പേരിലാക്കി. ഇന്ത്യക്കെതിരെ കളിച്ച 29 ടെസ്റ്റില്‍ നിന്ന് എട്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയാണ് റൂട്ട് ഇന്ന് പിന്നിലാക്കിയത്.

ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ പോണ്ടിംഗിന് തൊട്ടു പിന്നിലുണ്ട് റൂട്ട്. 2555 റണ്‍സാണ് പോണ്ടിംഗ് നേടിയതെങ്കില്‍ 2509 റണ്‍സ് നേടിയിട്ടുള്ള റൂട്ട് 46 റമ്‍സ് മാത്രം പുറകിലാണ്.

കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ ഫാബ് ഫോറിലെ(സ്മിത്ത്, കോലി വില്യംസണ്‍, റൂട്ട്) സെഞ്ചുറി നേട്ടയില്‍ കോലിയെയും സ്മിത്തിനെയും പിന്തള്ളി റൂട്ട് ഒന്നാമനായി. കോലിക്കും സ്മിത്തിനും 27 സെഞ്ചുറികള്‍ വീതമാണുള്ളത്.