സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിച്ച് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി അതിവേഗം സ്കോര്‍ ചെയ്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ ഒലി പോപ്പിനെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകകളിലെത്തിച്ച അശ്വിനാണ് ഇംഗ്ലണ്ടിന്‍റെ ബാസ്ബോളില്‍ ആദ്യ തുളയിട്ടത്.

വിശാഖപട്ടണം: ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം ബാറ്റിംഗ് കരുത്തും ബാസ്ബോള്‍ സമീപനവും കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിന് അത്ര വലിയ വിജയലക്ഷ്യമല്ലെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും കരുതിയിരുന്നു. നാലാം ദിനം 67-1 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന്‍റെ തന്ത്രം നൈറ്റ് വാച്ച്മാനായ റെഹാന്‍ അഹമ്മദ് തകര്‍ത്തടിക്കുകയും സാക്ക് ക്രോളി ഒരറ്റത്ത് നിലയുറപ്പിക്കുക എന്നതുമായിരുന്നു. അക്സറിനെതിരെ തുടര്‍ ബൗണ്ടറികളുമായി റെഹാന്‍ അഹമ്മദ് തന്‍റെ റോള്‍ ഭംഗിയാക്കുമ്പോഴാണ് അക്സര്‍ രക്ഷക്കെത്തിയത്. താണുവന്ന പന്തില്‍ റെഹാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും തകര്‍ത്തടിക്കാനുള്ള മൂഡില്‍ തന്നെയായിരുന്നു പിന്നീട് വന്നവരെല്ലാം.

സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിച്ച് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി അതിവേഗം സ്കോര്‍ ചെയ്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ ഒലി പോപ്പിനെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകകളിലെത്തിച്ച അശ്വിനാണ് ഇംഗ്ലണ്ടിന്‍റെ ബാസ്ബോളില്‍ ആദ്യ തുളയിട്ടത്. അശ്വിന്‍റെ പന്തിനൊപ്പം തന്നെ രോഹിത്തിന്‍റെ മനോഹര ക്യാച്ചിനും ഇന്ത്യ നന്ദിപറയണം. എന്നാല്‍ പിന്നീടെത്തിയ ജോ റൂട്ടിന്‍റെ അമിതാവേശമാണ് ഇംഗ്ലണ്ടിന് ശരിക്കും തിരിച്ചടിയായത്. ആദ്യ പന്തില്‍ തന്നെ അശ്വിനെ റിവേഴ്സ് സ്വീപ്പ് ചെയ്ത് ബൗണ്ടറി നേടി റൂട്ട് നയം വ്യക്തമാക്കി. പിന്നീട് അക്സറിനെ സിക്സിനും ഫോറിനും പറത്തി അതിവേഗം 10 പന്തില്‍ 16 റണ്‍സെടുത്ത് ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയ റൂട്ടിനെ ഒടുവില്‍ അശ്വിന്‍ തന്നെ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ അക്സറിന്‍റെ കൈകളിലെത്തിച്ച് ആവേശം അടക്കി.

ബാസ്ബോളിന്‍റെ കാറ്റൂരി ബുമ്രയും അശ്വിനും, രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് ജയം; പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പം

ലഞ്ചിന് തൊട്ടു മുമ്പ് കുല്‍ദീപ് യാദവ് സാക്ക് ക്രോളിയെയും ജസ്പ്രീത് ബുമ്ര ജോണി ബെയര്‍സ്റ്റോയെയും വീഴ്ത്തിയെങ്കിലും ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷ ശരിക്കും അവസാനിച്ചത് ബെന്‍ സ്റ്റോക്സിന്‍റെ റണ്ണൗട്ടിലൂടെയായിരുന്നു. അനായാസ സിംഗിളായിരുന്നിട്ടും അലസതയോടെ ഓടിയെ സ്റ്റോക്സിനെ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കിയതാണ് കളിയില്‍ ശരിക്കും വഴിത്തിരിവായത്. ഏത് സാഹചര്യത്തില്‍ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കാന്‍ കഴിവുളള സ്റ്റോക്സ് വാലറ്റക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നെങ്കില്‍ പോലും ഇന്ത്യക്ക് വലിയ ഭീഷണിയാകുമായിരുന്നു.

Scroll to load tweet…

വാലറ്റത്ത് ബെന്‍ ഫോക്സും ടോം ഹാര്‍ട്‌ലിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് കൂടി കണക്കിലെടുത്താല്‍ അവര്‍ക്കൊപ്പം സ്റ്റോക്സ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ട് ശരിക്കും ഇന്ത്യയെ വിറപ്പിച്ചേനെ. നിര്‍ണായക സമയത്ത് പോപ്പിനെയും റൂട്ടിനെയും പുറത്താക്കിയ അശ്വിനും ഇംഗ്ലണ്ട് തിരിച്ചടിക്ക് ഒരുമ്പോഴൊക്ക വിക്കറ്റെടുത്ത് അവരെ പ്രതിരോധത്തിലാക്കിയ ബുമ്രയുമാണ് നാലാം ദിനം ഇന്ത്യൻ ജയം സാധ്യമാക്കിയത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക