ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിംസ് ആന്‍ഡേഴ്‌സണെ ടീമില്‍  ഉള്‍പ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ഓസീസിനെതിരെ ആദ്യ ഇന്നിങ്‌സില്‍ നാല് ഓവര്‍ മാത്രം എറിഞ്ഞ ആന്‍ഡേഴ്‌സണ് പിന്നീട് പന്തെറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയും ചെയ്തു. 

എന്നാല്‍, തോല്‍വിക്ക് ശേഷം റൂട്ട് വ്യക്തമാക്കിയത് ആ തീരുമാനം ശരിയായിരുന്നുവെന്നാണ്. ക്യാപ്റ്റന്‍ തുടര്‍ന്നു... ''ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്തിയത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ ശാരീരികക്ഷമത പരിശോധനകളിലും വിജയിച്ചതുകൊണ്ടാണ് ആന്‍ഡേഴ്‌സനെ ടീമില്‍ എടുത്തത്. ജോഫ്രാ ആര്‍ച്ചറെ അടുത്ത ടെസ്റ്റില്‍ ഉള്‍പ്പെടുത്തുമോ എന്നുള്ളത് പറയാറായിട്ടില്ല. ശാരിരികക്ഷമതാ പരിശോധനയില്‍ വിജയിച്ചാല്‍ മാത്രമേ ആര്‍ച്ചറിനെ ടീമില്‍ ഉള്‍പ്പെടുത്തൂ.''

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 251 റണ്‍സിനാണ് ഓസീസ് വിജയിച്ചത്. വിജയലക്ഷ്യമായ 398 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 146 റണ്‍സിന് പുറത്താവുകയായിരുന്നു. 37 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ടോപ്‌സ്‌കോറര്‍. ആറ് വിക്കറ്റെടുത്ത നഥാന്‍ ലിയോണാണ് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.