ഹാമിള്‍ട്ടണ്‍: ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ആര്‍ച്ചറെ അപമാനിച്ചത് ന്യൂസിലന്‍ഡ് ആരാധകനല്ലെന്നും ഇംഗ്ലീഷ് ആരാധകനാണെന്നും രണ്ട് കാണികള്‍ വെളിപ്പെടുത്തി. ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിടെ നടന്ന സംഭവത്തില്‍ കിവി ആരാധകനാണ് പ്രതിസ്ഥാനത്ത് എന്നാണ് ഇതുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. ആരാധകന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ കിവീസ് ബോര്‍ഡ് മാപ്പ് പറഞ്ഞിരുന്നു.

"അയാളൊരു ഇംഗ്ലീഷ് ആരാധകനാണ്, ന്യൂസിലന്‍ഡ് ആരാധകനല്ലെന്ന് ഉറപ്പ്. അയാള്‍ ഒരു തവണ പോലും ന്യൂസിലന്‍ഡ് താരങ്ങളുടെ പേര് പറയുന്നത് കേട്ടില്ല"- ന്യൂസിലന്‍ഡ് പ്രാദേശിക മാധ്യമം ബേ ഓഫ് പ്ലെന്‍റി ടൈംസിനോട് രണ്ട് കാണികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ബേ ഓവലില്‍ സംഭവിച്ചതെന്ത്?

പുറത്തായ ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ ന്യൂസിലന്‍ഡ് ആരാധകന്‍ വംശീയമായി അപമാനിച്ചത് വേദനിപ്പിച്ചതായി മത്സരശേഷമാണ് ആര്‍ച്ചര്‍ വെളിപ്പെടുത്തിയത്. ''എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത് വേദനിപ്പിക്കുന്നു. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി. എപ്പോഴത്തെയും പോലെ ബാര്‍മി ആര്‍മി മികച്ചുനിന്നു''- ആര്‍ച്ചര്‍ ട്വീറ്റ് ചെയ്തു.  

സംഭവത്തില്‍ ആര്‍ച്ചറോട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് മാപ്പ് പറഞ്ഞിരുന്നു. "ക്രിക്കറ്റില്‍ ഇംഗ്ലണ്ട് എതിരാളികളായിരിക്കാം. എന്നാല്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളാണെന്ന് മറന്നുപോകരുത്. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല" എന്നും ബോര്‍ഡ് വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടിരുന്നു. 

ഹാമില്‍ട്ടണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് ബേ ഓവല്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കുമെന്ന് ന്യൂസിലന്‍ഡ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 29നാണ് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 65 റണ്‍സിനും ഇംഗ്ലണ്ടിനെ കീഴ്‌പ്പെടുത്തിയിരുന്നു കിവികള്‍.