മുംബൈ: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നേരിട്ട തിരിച്ചടി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ നേരത്തെ പ്രവചിച്ചിരുന്നോ?.  2015 സെപ്റ്റംബര്‍ ആറിന് അണ്‍ലക്കി ഷാ എന്ന് ആര്‍ച്ചറിട്ട ഒരു ട്വീറ്റാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കിയത്.

ഷായെക്കുറിച്ച് ആര്‍ച്ചറുടെ പ്രവചനമാണിതെന്നാണ് ആരാധകരില്‍ ഒരുവിഭാഗം പറയുന്നത്. ആര്‍ച്ചറുടെ ട്വീറ്റിന് താഴെ നിരവധി ആരാധകര്‍ കമന്റുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇന്ത്യയില്‍ ജോത്സ്യനായി വരുന്നോ എന്നുവരെ ആരാധകര്‍ ആര്‍ച്ചറോട് ചോദിക്കുന്നു. എന്നാല്‍ അന്ന് ആര്‍ച്ചര്‍ പറഞ്ഞത് പൃഥ്വി ഷായെക്കുറിച്ചായിരുന്നില്ലെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ലൂക് ഷോയെക്കുറിച്ചായിരുന്നുവെന്നും ചില ആരാധകര്‍ വിശദീകരിക്കുന്നു.

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷായെ ബിസിസിഐ എട്ടു മാസത്തേക്കാണ് മുന്‍കാല പ്രാബല്യത്തോടെ സസ്പെന്‍ഡ് ചെയ്തത്. മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15വരെയാണ് സസ്പെന്‍ഷന്‍.  ചുമക്ക് കഴിച്ച കഫ് സിറപ്പില്‍ നിരോധിത മരുന്ന് ഉള്ള കാര്യം അറിയില്ലായിരുന്നുവെന്ന ഷായുടെ വിശദീകരണം ബിസിസിഐ അംഗീകരിച്ചിരുന്നു.

പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ് ഷായിപ്പോള്‍. ഇതാദ്യമായല്ല ആര്‍ച്ചറുടെ പഴയ ട്വീറ്റുകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 2015ല്‍ ഇതുപോലെ നിരവധി വിചിത്ര പ്രവചനങ്ങള്‍ ആര്‍ച്ചര്‍ നടത്തിയിരുന്നു. ഇതെല്ലാം ലോകകപ്പ് വേളയില്‍ ആരാധകര്‍ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.