ഓസീസ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനാണ് ഇടക്കാല ചുമതല. ജസ്റ്റിന്‍ ലാംഗറുമായി സ്വകാര്യ ചര്‍ച്ചകളിലേക്ക് ഇനി കടക്കുമെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

സിഡ്‌നി : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ (Cricket Australia) പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിന്‍ ലാംഗര്‍ (Justin Langer). കോച്ചിങ് ശൈലിക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഓസീസ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനാണ് ഇടക്കാല ചുമതല. ജസ്റ്റിന്‍ ലാംഗറുമായി സ്വകാര്യ ചര്‍ച്ചകളിലേക്ക് ഇനി കടക്കുമെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. നാല് വര്‍ഷത്തെ കരാറാണ് ലാംഗറും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുണ്ടായത്. ഇത് ജൂണില്‍ അവസാനിക്കാനിരിക്കെയാണ് രാജി.

പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ലാംഗറിന്റെ പരിശീലനത്തില്‍ ഓസീസ് ആഷസ് പരമ്പരയും ചരിത്രത്തില്‍ ആദ്യമായി ട്വന്റി 20 ലോകകപ്പും വിജയിച്ചിരുന്നു. എന്നാല്‍ ലാംഗറുടെ ഹെഡ്മാസ്റ്റര്‍ ശൈലിയോട് മുതിര്‍ന്ന താരങ്ങള്‍ എതിര്‍പ്പറിയിച്ചതോടെയാണ് കരാര്‍ നീട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായത്. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഓസ്ട്രേലിയയുടെ അടുത്ത ദൗത്യം. 24 വര്‍ഷത്തിന് ശേഷം അരങ്ങേറുന്ന ചരിത്ര പാകിസ്ഥാന്‍ പര്യടനം ഇതിന് പിന്നാലെ നടക്കും.

കരാര്‍ ഏതാനും നാളത്തേക്ക് നീട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചെന്നും എന്നാല്‍ അത് സ്വീകരിക്കാന്‍ ലാംഗര്‍ തയ്യാറായില്ലെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ലാംഗറെ ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്താക്കുകയായിരുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പോണ്ടിംഗ് ആരോപിച്ചു. 

അടുത്തിടെ ലാംഗറിനെ ക്രിക്കറ്റ് ഓസ്ട്രേലിയ അവരുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ട്രെവര്‍ ബെയ്ലിസ്, റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് ലാംഗറിന് പകരം പരിശീലക സ്ഥാനത്തേക്ക് ഉയരുന്നത്.