അന്താരാഷ്ട്ര ക്രിക്കറ്റില്‍ 13 തവണ രോഹിത്തിനെ പുറത്താക്കാന്‍ റബാദയ്ക്കായി. ന്യൂസിലന്‍ഡ് ക്യാപറ്റന്‍ ടിം സൗത്തിയാണ് രോഹിത്തിനെ കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ താരം. 12 തവണ സൗത്തി, രോഹിത്തിനെ മടക്കി.

സെഞ്ചൂറിയന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറായി ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ. ഇന്ന് ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ രോഹിത്തിനെ പുറത്താക്കിയതോടെയാണ് റബാദയെ തേടി നേട്ടമെത്തിയത്. റബാദയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ നന്ദ്രേ ബര്‍ഗര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. 

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 13 തവണ രോഹിത്തിനെ പുറത്താക്കാന്‍ റബാദയ്ക്കായി. ന്യൂസിലന്‍ഡ് ക്യാപറ്റന്‍ ടിം സൗത്തിയാണ് രോഹിത്തിനെ കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ താരം. 12 തവണ സൗത്തി, രോഹിത്തിനെ മടക്കി. എയ്‌ഞ്ചോലോ മാത്യൂസ് (10), നതാന്‍ ലിയോണ്‍ (9), ട്രെന്റ് ബോള്‍ട്ട് (8) എന്നിവരും പട്ടികയിലുണ്ട്. റബാദയ്‌ക്കെതിരെ ടെസ്റ്റില്‍ 17.3 മാത്രമാണ് രോഹിത്തിന്റെ ശരാശരി. ഏകദിനത്തില്‍ 26.2. ടി20യില്‍ അത് 26 റണ്‍സ് മാത്രം. ടെസ്റ്റില്‍ മാത്രം ആറ് തവണയാണ് റബാദ രോഹിത്തിനെ മടക്കിത്. ടെസ്റ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ പേസറും റബാദ തന്നെ. 

അതേസമയം, സെഞ്ചൂറിയനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്തിന് പുറമെ യഷസ്വി ജെയ്‌സ്വാള്‍ (17), ശുഭ്മാന്‍ ഗില്‍ (2) എന്നിവരാണ് മടങ്ങിയത്. ഇരുവരേയും ബര്‍ഗര്‍ പുറത്താക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയാണ് ഇരുവരുടേയും ക്യാച്ചുകളെടുത്തത്. 

നേരത്തെ, നാല് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്്ണ എന്നിവരാണ് പേസര്‍മാര്‍. പ്രസിദ്ധിനിത് ടെസ്റ്റ് അരങ്ങേറ്റമാണ്. പുറം കഴുത്തിനുള്ള വേദനയെ തുടര്‍ന്ന് രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ഏക സ്പിന്നറായി ആര്‍ അശ്വിന്‍ ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ആദ്യമായിട്ടാണ് രാഹുല്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാവുന്നത്. രോഹിത്, ജെയ്‌സ്വാള്‍, ഗില്‍ എന്നിവര്‍ക്ക് പുറമെ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാര്‍.

ഗ്രൗണ്ടില്‍ മാത്രമല്ല! സകല മേഖലകളിലും ക്രിസ്റ്റ്യാനോയെ വെട്ടി മെസി; ഇന്റര്‍നെറ്റിലും താരം മെസി തന്നെ