ഗോളില്‍ ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്ക് എതിരെ നടന്ന ടെസ്റ്റിലാണ് കെയ്‌ന്‍ വില്യംസണിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

ദുബായ്: ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തുടര്‍ന്നും പന്തെറിയാം. വില്യംസണിന്‍റെ ആക്ഷന്‍ നിയമാനുസൃതമാണ് എന്ന് ഐസിസി കണ്ടെത്തിയതോടെയാണിത്. ഒക്‌ടോബര്‍ 11നായിരുന്നു വില്യംസണ്‍ ആക്ഷന്‍ പരിശോധനയ്‌ക്ക് വിധേയനായത്. 

സ്‌പിന്‍ ബൗളര്‍മാര്‍ക്ക് അനുവദനീയമായ 15 ഡിഗ്രിയില്‍ താഴെ മാത്രമേ പന്തെറിയുമ്പോള്‍ വില്യംസണിന്‍റെ കൈ വളയുന്നുള്ളൂ എന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഗോളില്‍ ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്ക് എതിരെ നടന്ന ടെസ്റ്റിലാണ് കെയ്‌ന്‍ വില്യംസണിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഗോള്‍ ടെസ്റ്റിലെ വിവാദ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ ലങ്കന്‍ സ്‌പിന്നര്‍ അഖില ധനഞ്ജയയും ഐസിസിയുടെ പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ചെന്നൈയില്‍ നടന്ന പരിശോധനയില്‍ ആക്ഷന്‍ തെളിയാക്കാനാവാതെ വന്നതോടെ താരത്തെ ഒരു വര്‍ഷം വിലക്കിയിരുന്നു. ബൗളിംഗ് ആക്ഷന്‍റെ പേരില്‍ 2010 ഡിസംബറിലും വിലക്ക് നേരിട്ടിരുന്നു അഖില ധനഞ്ജയ. 

നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷന്‍റെ പേരില്‍ 2014ല്‍ വിലക്ക് ലഭിച്ചിട്ടുള്ള താരമാണ് കെയ്‌ന്‍ വില്യംസണ്‍. ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയതിനാല്‍ ആ വര്‍ഷം അവസാനത്തോടെയാണ് വില്യംസണ് പന്തെറിയാനുള്ള അനുമതി ഐസിസി നല്‍കിയത്. പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന കെയ്‌ന്‍ വില്യംസണെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20കളുടെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.