ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട! പിന്നാലെ കൂറ്റന്‍ സിക്‌സുകളുമായി വില്യംസണ്‍; എസ്എ20 അരങ്ങേറ്റത്തില്‍ ഫിഫ്റ്റി
മികച്ച തുടക്കമാണ് ഡര്‍ബന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പാര്‍സണ്‍സ് - മാത്യൂ ബ്രീറ്റ്‌സ്‌കെ (20 പന്തില്‍ 33) സഖ്യം ഒന്നാം വിക്കറ്റില്‍ 67 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
ഡര്‍ബന്‍: ഐപിഎല്‍ താരലേലത്തില്‍ ആരും താല്‍പര്യം കാണിച്ചില്ലെങ്കിലും എസ്എ 20യില്‍ (ദക്ഷിണാഫ്രിക്ക ടി20) അര്‍ധ സെഞ്ചുറിയുമായി ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ വില്യംസണ്‍, പ്രിട്ടോറിയ കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 40 പന്തില്‍ 60 റണ്‍സാണ് അടിച്ചെടുത്തത്. വില്യംസണ്‍ തന്നെയാണ് ടോപ് സ്‌കോറര്‍. വില്യംസണിന്റെ ബാറ്റിംഗ് കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഡര്‍ബന്‍ അടിച്ചെടുത്തത്. വില്യംസണിന് പുറമെ ബ്രെയ്‌സ് പാര്‍സണ്‍സ് (28 പന്തില്‍ 47), വിയാന്‍ മള്‍ഡര്‍ (19 പന്തില്‍ 45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മികച്ച തുടക്കമാണ് ഡര്‍ബന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പാര്‍സണ്‍സ് - മാത്യൂ ബ്രീറ്റ്‌സ്‌കെ (20 പന്തില്‍ 33) സഖ്യം ഒന്നാം വിക്കറ്റില്‍ 67 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബ്രീറ്റ്‌സ്‌കെ സെനുരാന്‍ മുത്തുസാമിയുടെ പന്തില്‍ പുറത്തായി. പിന്നാലെ വില്യംസണ്‍ ക്രീസിലേക്ക്. പാര്‍സണ്‍സിനും പിന്നീട് അധികം ആയുസുണ്ടായിരുന്നില്ല. മുത്തുസാമിയുടെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് വില്യംസണൊപ്പം ക്വിന്റണ്‍ ഡി കോക്ക് (15) ചേര്‍ന്നു. എന്നാല്‍ ഇരുവരും തുടക്കത്തില്‍ തപ്പിത്തടഞ്ഞു. മധ്യ ഓവറുകളില്‍ പിച്ചില്‍ ബാറ്റേന്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
നേരിട്ട 14-ാം പന്തില്‍ ഡി കോക്ക് മടങ്ങി. തുടര്‍ന്നെത്തിയ ഹെന്റിച്ച ക്ലാസന് (0) രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ലിയാം ലിവിംഗ്സ്റ്റണ്‍ വിക്കറ്റ്. പിന്നീട് മള്‍ഡര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. വില്യംസണെ കാഴ്ച്ചക്കാനരാക്കി മള്‍ഡര്‍ ആഞ്ഞുവീശുകയായിരുന്നു. ഇതിനിടെ വില്യംസണും താളം കണ്ടെത്തി. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ അര്‍ധ സെഞ്ചുറിയും നേടി. 40 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും നേടിയിരുന്നു. മള്‍ഡറുടെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. മുത്തുസ്വാമി പ്രിട്ടോറിയക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.