തോളിന് പരിക്കേറ്റ ന്യൂസീലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി. വെല്ലിങ്‌ടണ്‍ ടെസ്റ്റിന്‍റെ മൂന്നാംദിനം  ഫില്‍ഡിംഗിനിടെയാണ് വില്യംസണ് ഇടത് തോളിന് പരിക്കേറ്റത്.

വെല്ലിങ്‌ടണ്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ന്യൂസീലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി. വെല്ലിങ്‌ടണ്‍ ടെസ്റ്റിന്‍റെ മൂന്നാംദിനം ഫില്‍ഡിംഗിനിടെയാണ് വില്യംസണ് ഇടത് തോളിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് വകവെക്കാതെ ബാറ്റിംഗിനിറങ്ങിയ കിവീസ് നായകന്‍ 74 റണ്‍സെടുത്തിരുന്നു. 

ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിനം വില്യംസണ്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ല. വില്യംസണിന്‍റെ അഭാവത്തില്‍ ടിം സൗത്തിയാണ് താല്‍ക്കാലികമായി ടീമിനെ നയിക്കുന്നത്. 

വെല്ലിങ്‌ടണ്‍ ടെസ്റ്റില്‍ കിവീസ് ജയ പ്രതീക്ഷയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 211 പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ് ആറിന് 432 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. റോസ് ടെയ്‌ലറുടെ ഇരട്ട സെഞ്ചുറിയാണ്(200) ശ്രദ്ധേയം. ഒരുദിനം കൂടി ശേഷിക്കെ ബംഗ്ലാദേശ് മൂന്നിന് 80 എന്ന നിലയിലാണ്. ആതിഥേയരെ ബാറ്റിങ്ങിനയക്കണമെങ്കില്‍ ബംഗ്ലാദേശിന് ഇനിയും 141 റണ്‍സ് കൂടി വേണം. മുഹമ്മദ് മിഥുന്‍ (25), സൗമ്യ സര്‍ക്കാര്‍ (12) എന്നിവരാണ് ക്രീസില്‍.