Asianet News MalayalamAsianet News Malayalam

'വെല്ലുവിളിയാണ് ഇംഗ്ലണ്ടിലെ സാഹചര്യം, എല്ലാ പന്തും അടിക്കാന്‍ ശ്രമിക്കരുത്'; യുവതാരത്തിന് കപിലിന്‍റെ ഉപദേശം

ടീമിലെ വിലപ്പെട്ട, ആവേശമുണര്‍ത്തുന്ന സാന്നിധ്യം എന്നാണ് യുവതാരത്തെ കുറിച്ച് ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ പറയുന്നത്. 

Kapil Dev advice to Indian player ahead of WTC Final 2021
Author
Mumbai, First Published May 26, 2021, 2:19 PM IST

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കും തയ്യാറെടുക്കുന്ന ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന് ഉപദേശവുമായി മുന്‍താരം കപില്‍ ദേവ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും എല്ലാ പന്തും അടിച്ചകറ്റാന്‍ ശ്രമിക്കരുത് എന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. 

Kapil Dev advice to Indian player ahead of WTC Final 2021

'വളരെ പക്വതയുള്ള ഒരു താരമായാണ് റിഷഭ് പന്തിനെ ഇപ്പോള്‍ കാണുന്നത്. ഷോട്ടുകള്‍ കളിക്കാന്‍ ഏറെ സമയമുണ്ട്. പന്തിന്‍റെ കയ്യിലുള്ള ഷോട്ടുകളുടെ ശ്രേണി ഗംഭീരമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വെല്ലുവിളിയാണ്. മധ്യനിരയില്‍ അദേഹം കൂടുതല്‍ സമയം പിടിച്ചുനില്‍ക്കണം. എല്ലാ പന്തുകളും അടിച്ചകറ്റാന്‍ ശ്രമിക്കരുത്. ഇതേകാര്യം രോഹിത് ശര്‍മ്മയെ കുറിച്ചും നമ്മള്‍ പറയാറുണ്ട്. രോഹിത്തിന്‍റെ കയ്യില്‍ ഏറെ ഷോട്ടുകളുണ്ട്. എന്നാല്‍ ക്രീസ് വിട്ടിറങ്ങി ഏറെ തവണ പുറത്തായിരിക്കുന്നു. 

റിഷഭ് പന്ത് ടീമിലെ മൂല്യമേറിയ, ആവേശമുണര്‍ത്തുന്ന താരമാണ്. ഷോട്ടുകളുടെ കെട്ടഴിക്കും മുമ്പ് വേണ്ട സമയമെടുക്കൂക എന്നാണ് അദേഹത്തോട് പറയാനുള്ളത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ് കാരണം' എന്നും ഇതിഹാസ ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു. 

Kapil Dev advice to Indian player ahead of WTC Final 2021

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് ഇതിനായി യുകെയിലേക്ക് തിരിക്കും. നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലാണ് ടീം ഇന്ത്യ. വെറ്ററന്‍ താരം വൃദ്ധിമാന്‍ സാഹ സ്‌ക്വാഡിലുണ്ടെങ്കിലും റിഷഭ് പന്താണ് വിക്കറ്റ് കീപ്പറാകാന്‍ സാധ്യത. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്

Follow Us:
Download App:
  • android
  • ios