ഒരു കളിക്കാരന് 18-24 പ്രായത്തില്‍ നല്ല കാഴ്ചശക്തിയുണ്ടാകും. അതിനുശേഷം അത് ക്രമാനുഗതമായി കുറഞ്ഞുവരും. സെവാഗും, ദ്രാവിഡും റിച്ചാര്‍ഡ്സുമെല്ലാം ഈ ഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്.

ദില്ലി: ന്യൂസിലന്‍ഡ് പര്യടനത്തില്‍ ബാറ്റിംഗില്‍ ശോഭിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. പ്രായം 30 കടന്നാല്‍ റിഫ്ലെക്സുകളും കാഴ്ചശക്തിയും കുറയുമെന്നും ഇത് മറികടക്കാന്‍ കോലി കഠിന പരിശീലനം ചെയ്യണണമെന്നും കപില്‍ പറഞ്ഞു.

കാലിന് നേരെ വരുന്ന പന്തുകളെ ഫ്ലിക്ക് ചെയ്ത് ബൗണ്ടറി നേടുകയെന്നതാണ് കോലിയുടെ രീതി. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് തവണ കോലി അത്തരം പന്തുകളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. കാഴ്ചശക്തി കുറയുന്നത് കോലിയെ ബാധിച്ചിരിക്കാം. വലിയ താരങ്ങള്‍ പിച്ച് ചെയ്ത് അകത്തേക്ക് തിരിയുന്ന പന്തുകളില്‍ തുടര്‍ച്ചയായി ബൗള്‍ഡാവുകയോ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയോ ചെയ്യുന്നത് ഇതിന്റെ ലക്ഷണമാണ്. നമ്മുടെ ശക്തി തന്നെ ഏറ്റവും വലിയ ദൗര്‍ബല്യമായി മാറുന്ന അവസ്ഥയാണത്. ഇത് മറികടക്കാന്‍ കൂടുതല്‍ പരിശീലനം നടത്തുകയേ നിര്‍വാഹമുള്ളു.

പണ്ട് അടിച്ചുപറത്തിയ പന്തില്‍ തന്നെ പുറത്താവുന്നത് ആ പന്തിന്റെ ഗതി മനസിലാക്കാന്‍ സമയമെടുക്കുന്നതുകൊണ്ടാണ്. ഐപിഎല്ലില്‍ കളിക്കുന്നത് പഴയ ഫോം വീണ്ടെടുക്കാന്‍ കോലിയെ സഹായിക്കുമെന്നും കപില്‍ പറഞ്ഞു.