ദില്ലി: ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ കപില്‍ സുഖം പ്രാപിച്ചുവരികയാണെന്നും വൈകാതെ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആശുപത്രി വിട്ടെങ്കിലും ഡോ. അതുല്‍ മാത്തൂര്‍ കപിലിന്‍റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് 61കാരനായ കപിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ ഡോ. അതുല്‍ മാത്തൂറിനൊപ്പം കപില്‍ നില്‍ക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ സഹതാരമായിരുന്ന ചേതന്‍ ശര്‍മ ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറും ഓള്‍റൗണ്ടറുമാണ് മുന്‍ നായകനായ കപില്‍ ദേവ്. 1983ല്‍ ഇന്ത്യന്‍ ടീമിനെ ആദ്യമായി ലോകകപ്പ് ജേതാക്കളാക്കിയത് കപിലാണ്. 131 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം 5248 റണ്‍സും 434 വിക്കറ്റും സ്വന്തമാക്കി. 225 ഏകദിനങ്ങളില്‍ 3783 റണ്‍സും 253 വിക്കറ്റും പേരിലുണ്ട്.