Asianet News MalayalamAsianet News Malayalam

മിയാന്‍ദാദിന്റെ ആ സിക്‌സ് വേദനയോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്! ഏഷ്യാ കപ്പ് ഓര്‍മകള്‍ പങ്കുവച്ച് കപില്‍ ദേവ്

ചേതന്‍ ശര്‍മയുടെ അവസാന പന്ത് സിക്‌സടിച്ചാണ് അന്ന് പാകിസ്ഥാന്‍ കപ്പുയര്‍ത്തിയത്. ആ തോല്‍വി ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് അന്ന് ക്യാപ്റ്റനായിരുന്ന കപില്‍ പറയുന്നു.

Kapil Dev on 1986 asia cup final loss to pakistan
Author
First Published Aug 24, 2022, 7:13 PM IST

ദില്ലി: ഈ മാസം 28നാണ് ഇന്ത്യ- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. അവസാനം കളിച്ചപ്പോള്‍ ഇന്ത്യ പത്ത് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ അതിന്റേതായിട്ടുള്ള വീറും വാശിയും ഉണ്ടാവാറുണ്ട്. ഏഷ്യാ കപ്പിനെത്തുമ്പോഴെല്ലാം ഇതില്‍ കൂടുതലൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

ക്ലാസിക് പോരിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പഴയകാല ഓര്‍മ പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്. 1986ലെ ഏഷ്യാ കപ്പ് ഫൈനലിനെ കുറിച്ചാണ് കപില്‍ പറയുന്നത്. ചേതന്‍ ശര്‍മയുടെ അവസാന പന്ത് സിക്‌സടിച്ചാണ് അന്ന് പാകിസ്ഥാന്‍ കപ്പുയര്‍ത്തിയത്. ആ തോല്‍വി ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് അന്ന് ക്യാപ്റ്റനായിരുന്ന കപില്‍ പറയുന്നു.

കഴിവില്ലാതെയല്ലല്ലോ ഇത്രയും എത്തിയത്, വിമര്‍ശകര്‍ക്ക് മറുപടിയുമായി വിരാട് കോലി

''അവസാന പന്തില്‍ ബൗണ്ടറിയാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ 12-13 റണ്‍സ് പ്രതിരോധിക്കാനാവും എന്നാണ് കരുതിയത്. എന്നാല്‍ ജാവേദ് മിയാന്‍ദാദ് ചേതന്‍ ശര്‍മയെ സിക്സ് പറത്തി പാകിസ്ഥാനെ കിരീടത്തിലേക്ക് നയിച്ചു. ആ സാഹചര്യത്തില്‍ ഇത്ര റണ്‍സെടുക്കുക പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവസാന ഓവര്‍ ചേതന് നല്‍കിയത്. തീരുമാനം തെറ്റാണെന്ന് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ആ തോല്‍വി നാല് വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റില്‍ ആഘാതമുണ്ടാക്കി.'' കപില്‍ പറഞ്ഞു. 

''ചേതനോട് യോര്‍ക്കര്‍ എറിയാനാണ് നിര്‍ദേശിച്ചത്. അദ്ദേഹം കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ ആ പന്ത് ലോ ഫുള്‍ ടോസാവുകയായിരുന്നു. ബാക്ക് ഫൂട്ടില്‍ അടിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്ന ചേതന് പന്ത് കണക്റ്റ് ചെയ്യാന്‍ സാധിച്ചു. ആ ഒരു സിക്‌സ് നാല് വര്‍ഷത്തോളം ടീമിന്റെ ആത്മവിശ്വാസത്തെ തകര്‍ത്തുകളഞ്ഞു. ഇന്നും വേദനയോടെയാണ് ഞാനത് ഓര്‍ക്കുന്നത്. അവിടെ നിന്ന് തിരിച്ചുവരവ് പ്രയാസമായിരുന്നു.'' കപില്‍ പറഞ്ഞു.

വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ദുബായില്‍; പരിശീലിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് എത്തില്ലെന്ന് സൂചന

സുനില്‍ ഗാവസ്‌കറുടെ 92 റണ്‍സിന്റെ കരുത്തില്‍ 245 റണ്‍സാണ് ഇന്ത്യ നേടിയത്. കെ ശ്രീകാന്തും ദിലിപ് വെങ്സര്‍ക്കാറും അര്‍ധ സെഞ്ചുറി നേടി. സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാനെ 116 റണ്‍സ് നേടി പുറത്താവാതെ നിന്ന മിയാന്‍ദാദ് വിജയത്തിലേക്ക് നയിച്ചു.
 

Follow Us:
Download App:
  • android
  • ios