ദില്ലി: പരിക്ക് കാരണം അടുത്തകാലത്തൊന്നും ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പര ബുംറയ്ക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ ബുംറയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.

താരത്തിന്റെ പരിക്കും ബൗളിങ് ആക്ഷനും തമ്മില്‍ ബന്ധമുണ്ടെന്ന് കപില്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ബുംറയുടെ ബൗളിങ് ആക്ഷന്‍ പരിക്ക് ക്ഷണിച്ചുവരുത്തുന്ന രീതിയിലുള്ളതാണ്. പന്തെറിയുമ്പോള്‍ ശരീരത്തെക്കാള്‍ കൂടുതല്‍ കൈ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. സാങ്കേതികമായി പറഞ്ഞാല്‍ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് ആക്ഷന്‍ കൂടുതല്‍ കാലം ബോള്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ളതാണ്. 

ഒരാള്‍ മികച്ച ബൗളറാകുന്നത് പന്തെറിയുമ്പോള്‍ ഫീല്‍ഡ് തയ്യാറാക്കുമ്പോഴാണ്. നായകനെ സംബന്ധിച്ചടത്തോളം ഒരു ബൗളര്‍ക്കനുസരിച്ചുള്ള ഫീല്‍ഡിംഗ് തയ്യാറാക്കാന്‍ പരിമിതികളുണ്ട്.'' കപില്‍ പറഞ്ഞുനിര്‍ത്തി.