Asianet News MalayalamAsianet News Malayalam

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ കുടിശ്ശിക തീര്‍ക്കും; സര്‍ക്കാര്‍ 6 കോടി അനുവദിച്ചു

വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ എസ് ആന്റ് എഫ് എല്‍) വരുത്തിയ കുടിശ്ശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി അബ്ദു റഹിമാന്‍ പറഞ്ഞു. 

kariavattom greenfield stadium  arrears 6 crores sanctioned by  government
Author
First Published Sep 27, 2022, 9:44 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് മുഴുവന്‍ കുടിശ്ശികകളും തീര്‍ക്കാനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു. ആറ് കോടി രൂപയാണ് അടിയന്തരമായി സ്‌റ്റേഡിയം നടത്തിപ്പ് നിര്‍വഹിക്കുന്ന കമ്പനിയ്ക്ക് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ എസ് ആന്റ് എഫ് എല്‍) വരുത്തിയ കുടിശ്ശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി അബ്ദു റഹിമാന്‍ പറഞ്ഞു. 

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി ബി ഒ ടി (ഡിസൈന്‍ ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍) രീതിയില്‍ നിര്‍മ്മിച്ച സ്‌റ്റേഡിയമാണിത്. 2027 വരെയാണ് കെ എസ് എഫ് എല്ലിന് ഈ അവകാശമുള്ളത്. അവര്‍ സ്‌റ്റേഡിയം പരിപാലിക്കുന്നതില്‍ കനത്ത അനാസ്ഥയാണ് കാട്ടിയത്. തുടര്‍ന്നാണ് ആന്വിറ്റി തുക ആറു കോടിയോളം സര്‍ക്കാര്‍ പിടിച്ചുവെച്ചത്. 

2019-20 കാലയളവിലെ ആന്വിറ്റിയില്‍ നിന്ന് പിടിച്ചുവെച്ച തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. പ്രോപ്പര്‍ട്ടി ടാക്‌സ് 2.04 കോടി, വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക 2.96 കോടി, വെള്ളക്കരം 64.86 ലക്ഷം, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിനുള്ള 5.36 ലക്ഷം എന്നിങ്ങനെയാണ് നിലവില്‍ കുടിശ്ശികയുള്ളത്. ഈ കുടിശ്ശികള്‍ തീര്‍ക്കുന്നതിന് 6 കോടിയില്‍ നിന്ന് ആവശ്യമായ തുക നല്‍കാന്‍ സ്‌പോട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ നടപടി സ്വീകരിക്കും.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 20-20 പരമ്പരയിലെ ആദ്യമത്സരം ബുധനാഴ്ച ഗ്രീന്‍ഫീല്‍ഡില്‍ നടക്കുകയാണ്. മത്സരവുമായി ബന്ധപ്പെട്ട് സമസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും പിന്തുണയും കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയിരുന്നു. മത്സര നല്ല നിലയില്‍ നടത്താന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായുും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios