ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി ഗ്രൗണ്ടിലിറങ്ങിയ ക്യാപ്റ്റൻ കരുണ്‍ നായര്‍ 27 റണ്‍സെടുത്ത് പുറത്തായതോടെ വിദര്‍ഭ 36 റണ്‍സകലെ പൊരുതിവീണു.
വഡോദര: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കര്‍ണാടക ചാമ്പ്യൻമാര്‍. ഫൈനലില്‍ വിദര്‍ഭയെ 36 റണ്‍സിന് വീഴ്ത്തിയാണ് കര്‍ണാടക കിരീടം സ്വന്തമാക്കിയത്. വിജയ് ഹസാരെയില്‍ കര്‍ണാടകയുടെ അഞ്ചാം കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക വിദര്‍ഭക്ക് മുന്നില്‍ 349 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി ഗ്രൗണ്ടിലിറങ്ങിയ ക്യാപ്റ്റൻ കരുണ്‍ നായര്‍ 27 റണ്‍സെടുത്ത് പുറത്തായതോടെ വിദര്‍ഭ 36 റണ്‍സകലെ പൊരുതിവീണു. സ്കോര്‍ കര്‍ണാടക 50 ഓവറില്‍ 348-6, വിദര്‍ഭ 48.2 ഓവറില്‍ 312ന് ഓള്‍ ഔട്ട്.
349 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭക്കായി ഓപ്പണര്‍ ധ്രുവ് ഷോറെ സെഞ്ചുറിയുമായി(111 പന്തില്‍ 110) പൊരുതിയെങ്കിലും സെമിയില്‍ സെഞ്ചുറി നേടിയ യാഷ് റാത്തോഡും(23), മലയാളി താരം ദേവ്ദത്ത് പടിക്കലും(8) ക്യാപ്റ്റന്‍ കരുണ്‍ നായരും(27), ജിതേഷ് ശര്‍മയും(34) വലിയ സ്കോര്‍ നേടാതെ പുറത്തായത് തിരിച്ചടിയായി. 31 പന്തില്‍ 27 റണ്‍സെടുത്ത കരുണ്‍ നായരെ പ്രസിദ്ധ് കൃഷ്ണ ക്ലീന്‍ ബൗള്‍ഡാക്കുകയായരുന്നു. ടൂര്‍ണമെന്‍റില്‍ രണ്ടാം തവണ മാത്രമാണ് കരുണ്‍ പുറത്താവുന്നത്. തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് മധ്യനിരയില്‍ ഹര്‍ഷ് ദുബെ(30 പന്തില്‍ 63) നടത്തിയ ഒറ്റയാള്‍ പോരാട്ടം വിദര്‍ഭക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും കൂടെ പൊരുതാന്‍ ആളില്ലാതിരുന്നത് തിരിച്ചടിയായി. കര്‍ണാടകക്കായി വാസുകി കൗശിക് 10 ഓവറില്‍ 47 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ 84 റണ്‍സിനും അഭിലാഷ് ഷെട്ടി 58 റണ്‍സിനും മൂന്ന് വിക്കറ്റ് വീതമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം സെഞ്ചുറിയുമായി തകര്‍ത്തടിച്ച സ്മരണ്‍ രവിചന്ദ്രന്‍റെയും അര്‍ധസെഞ്ചുറികളുമായി മിന്നി കൃഷ്ണന്‍ ശ്രീജിത്, അഭിനവ് മനോഹര്‍ എന്നിവരുടെയും ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 92 പന്തിൽ 101 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രനായിരുന്നു കര്‍ണാടകയുടെ ടോപ് സ്കോറര്‍. കൃഷ്ണന്‍ ശ്രീജിത്ത് 74 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ അഭിനവ് മനോഹര്‍ 42 പന്തില്‍ 79 റൺസടിച്ചു.15 ഓവറില്‍ 67 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(31), ദേവ്ദത്ത് പടിക്കല്‍(8), അനീഷ് കെ വി(23) എന്നിവരെ നഷ്ടമായി പതറിയ കര്‍ണാടകയെ നാലാം വിക്കറ്റില്‍ സ്മരണ്‍ രവിചന്ദ്രനും കൃഷ്ണൻ ശ്രീജിത്തും ചേര്‍ന്ന്160 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
38-ാം ഓവറില്‍ കൃഷ്ണന്‍ ശ്രീജിത്ത് പുറത്തായെങ്കിലും അവസാന ഓവറുകളില്‍ അഭിനവ് മനോഹറിനൊപ്പം തകര്‍ത്തടിച്ച സ്മരണ്‍ രവിചന്ദ്രന്‍ കര്‍ണാടകയെ 300 കടത്തി. 49-ാം ഓവറില്‍ സ്മരണ്‍ രവിചന്ദ്രനും അഭിനവ് മനോഹറും പുറത്തായെങ്കിലും ഹാര്‍ദ്ദിക് രാജും(5 പന്തില്‍ 12*), ശ്രേയസ് ഗോപാലും(3*) ചേര്‍ന്ന് കര്‍ണാടകയെ 348ല്‍ എത്തിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അഭിനവ് മനോഹര്‍ 42 പന്തിലാണ് 79 റണ്‍സടിച്ചത്. 10 ഫോറും നാലു സിക്സും അടങ്ങുന്നതാണ് അഭിനവ് മനോഹറിന്‍റെ ഇന്നിംഗ്സ്. 92 പന്തില്‍ 101 റണ്‍സടിച്ച സ്മരണ്‍ രവിചന്ദ്രനാകട്ടെ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.
