കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പിൽ, ആവേശകരമായ സെമി ഫൈനലിൽ റൂബീസിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് സഫയർ ഫൈനലിൽ പ്രവേശിച്ചു. മറ്റൊരു മത്സരത്തിൽ ആംബർ ടീം പേൾസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി.

തിരുവനന്തപുരം: ആവേശപ്പോരാട്ടത്തില്‍ റൂബീസിനെ മറികടന്ന് സഫയര്‍, കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഒരു വിക്കറ്റിനായിരുന്നു സഫയറിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ആംബര്‍, പേള്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവസാന പന്തിലായിരുന്നു റൂബീസിനെതിരെ സഫയറിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. അമീറ ബീഗം (39), എം പി വൈഷ്ണ (32), ആശ ശോഭന (30) എന്നിവരാണ് റൂബീസിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയറിന് അലീന സുരേന്ദ്രന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് വിജയമൊരുക്കിയത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഒറ്റയാള്‍ പോരാട്ടം തുടര്‍ന്ന അലീന 32 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്തു. അവസാന ഓവറിലെ ആദ്യ പന്തില്‍ അലീന പുറത്തായെങ്കിലും, പത്ത് റണ്‍സുമായി പുറത്താകാതെ നിന്ന വിനയ സുരേന്ദ്രന്‍ ടീമിനെ വിജയത്തിലെത്തിച്ചു. അന്‍സു സുനില്‍ 23 റണ്‍സെടുത്തു. റൂബീസിന് വേണ്ടി കീര്‍ത്തി ദാമോദരന്‍ മൂന്നും എം ജയദര്‍ശിനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അലീന സുരേന്ദ്രനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

മറ്റൊരു മത്സരത്തില്‍ ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തു. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ കീര്‍ത്തി ജെയിംസും 21 റണ്‍സെടുത്ത പി അഖിലയും മാത്രമാണ് പേള്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ആംബറിന് വേണ്ടി എ കെ ഐശ്വര്യയും ടി ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആംബര്‍ 13.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. എന്‍ എസ് ആര്യനന്ദയും പി സൗരഭ്യയും ചേര്‍ന്ന 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആംബറിന് അനായാസ വിജയമൊരുക്കിയത്. ആര്യനന്ദ 47 റണ്‍സുമായി പുറത്താകാതെ നിന്നു. 27 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്ത പി സൗരഭ്യയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

YouTube video player