കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍, പേള്‍സിനെതിരെ ഏഴ് വിക്കറ്റിന് ജയിച്ച സഫയര്‍ തുടര്‍ച്ചയായ നാലാം വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മറ്റൊരു മത്സരത്തില്‍, റൂബീസിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് എമറാള്‍ഡും വിജയം സ്വന്തമാക്കി.

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ നാലാം വിജയവുമായി സഫയര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്. പേള്‍സിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സഫയറിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ എമറാള്‍ഡ് റൂബീസിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചു.

അന്‍സു സുനിലിന്റെയും സജന സജീവന്റെയും തകര്‍പ്പന്‍ പ്രകടനമാണ് പേള്‍സിനെതിരെ സഫയറിന് വിജയമൊരുക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ സജനയുടെ ബൗളിങ് മികവാണ് പേള്‍സിന്റെ സ്‌കോര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122ല്‍ ഒതുക്കിയത്. 42 റണ്‍സെടുത്ത പി അഖില മാത്രമാണ് പേള്‍സിന്റെ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഫയര്‍ അന്‍സു സുനിലിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ 17.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണറായി ഇറങ്ങി അന്‍സു 62 റണ്‍സുമായി പുറത്താകാതെ നിന്നു. പേള്‍സിന് വേണ്ടി രോഹിണി മാനെ രണ്ട് വിക്കറ്റ് വീഴ്ത്തി. അന്‍സു സുനിലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

മറ്റൊരു മത്സരത്തില്‍ ബി സൗപര്‍ണ്ണികയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് റൂബീസിനെതിരെ എമറാള്‍ഡ് വിജയം സ്വന്തമാക്കിയത്. റൂബീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാള്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു. 48 റണ്‍സെടുത്ത ബി സൗപര്‍ണ്ണികയും 20 റണ്‍സെടുത്ത ശ്രീകൃഷ്ണ ഹരിദാസുമാണ് എമറാള്‍ഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റൂബീസിന് വേണ്ടി എം ജയദര്‍ശിനി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണ് നേടാനായത്. 20 റണ്‍സെടുത്ത അമീറ ബീഗമാണ് റൂബീസിന്റെ ടോപ് സ്‌കോറര്‍. എമറാള്‍ഡിന് വേണ്ടി സൗപര്‍ണ്ണിക മൂന്നും ദര്‍ശന മോഹനന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സൗപര്‍ണ്ണികയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

YouTube video player