മധ്യനിരയില്‍ ബാറ്റിംഗിന് ഇറങ്ങുമെന്ന് കരുതിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങാത്തത് ആരാധകര്‍ക്ക് നിരാശയായി. എട്ടാമനായി ബേസില്‍ തമ്പി വന്നിട്ടും സഞ്ജു ബാറ്റിംഗിനെത്തിയില്ല.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബംഗാളിന് 449 റണ്‍സ് വിജയലക്ഷ്യം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗാള്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും എട്ട് വിക്കറ്റും കൈയിലിരിക്കെ ബംഗാളിന് ജയിക്കാന്‍ 372 റണ്‍സ് കൂടി വേണം. 33 റണ്‍സോടെ അഭിമന്യു ഈശ്വരനാണ് ക്രീസില്‍. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ രന്‍ജോത് സിംഗ് ഖാരിയ, 31 റണ്‍സെടുത്ത സുദീപ് കുമാര്‍ ഖരാമി എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. കേരളത്തിനായി ശ്രേയസ് ഗോപാലും ജലജ് സസ്കേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ ഇതുവരെ ജയിക്കാത്ത കേരളം അവസാന ദിവസം വിജയപ്രതീക്ഷയിലാണ് പന്തെറിയുക.

172-8 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ബംഗാളിന്‍റെ ഒന്നാം ഇന്നിംഗ്സ് കേരളം ആദ്യ സെഷനില്‍ തന്നെ 180 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. ബംഗാളിന്‍റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ വെറ്ററന്‍ സ്പിന്നര്‍ ജലജ് സക്സേനയാണ് കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. 68 റണ്‍സ് വഴങ്ങിയാണ് ജലജ് സക്സേന ഒമ്പത് വിക്കറ്റ് പിഴുതത്. ബംഗാള്‍ നിരയിലെ അവശേഷിക്കുന്ന ഒരേയൊരു വിക്കറ്റ് എം ഡി നിധീഷ് നേടി.

ആറാം കിരീടം 254 റണ്‍സകലെ, അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വിജയലക്ഷ്യം കുറിച്ച് ഓസീസ്

183 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ രോഹന്‍ കുന്നമ്മലും ജലജ് സക്സേനയും ചേര്‍ന്ന് മിന്നും തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സ് നേടി. 37 റണ്‍സെടുത്ത ജലജ് സക്സേനയെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് ബംഗാളിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും(51) സച്ചിന്‍ ബേബിയും(51) ശ്രേയസ് ഗോപാലും(50*), അക്ഷയ് ചന്ദ്രനും(36) ചേര്‍ന്ന് കേരളത്തിന് മികച്ച ലീഡ് ഉറപ്പാക്കി.

മധ്യനിരയില്‍ ബാറ്റിംഗിന് ഇറങ്ങുമെന്ന് കരുതിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങാത്തത് ആരാധകര്‍ക്ക് നിരാശയായി. എട്ടാമനായി ബേസില്‍ തമ്പി വന്നിട്ടും സഞ്ജു ബാറ്റിംഗിനെത്തിയില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ആറ് റണ്ണുമായി ബേസിലും 50 റണ്‍സോടെ ശ്രേയസ് ഗോപാലും പുറത്താകാതെ നിന്നു. ബംഗാളിനായി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക