തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 75 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മണിപ്പൂരിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇന്നലെ ത്രിപുരയ്‌ക്കെതിരെ കേരളം ജയിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ തമിഴ്‌നാടിനോട് പരാജയപ്പെട്ടു.

എസ് മിഥുനിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. നാല് ഓവരില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് മിഥുന്‍ നാല് വിക്കറ്റെടത്തുത്. ജലജ് സക്‌സേന, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 27 റണ്‍സ് നേടിയ ജോണ്‍സണ്‍ സിംഗാണ് മണിപ്പൂരിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ 48 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു വിനോദ് (25), റോബിന്‍ ഉത്തപ്പ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്ന് തിരികെയെത്തിയ സഞ്ജു സാംസണ്‍ (12) നിരാശപ്പെടുത്തി. രോഹന്‍ കുന്നുമ്മല്‍ (10), മുഹമ്മദ് അസറുദ്ദീന്‍ (15), ജലജ് സക്‌സേന (4) എന്നിവര്‍ നിരാശപ്പെടുത്തി.