ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ കേരളം നേപ്പാളിനെ പരാജയപ്പെടുത്തി. അഹമ്മദ് ഇമ്രാന്റെ സെഞ്ച്വറിയുടെ മികവിൽ 331 റൺസ് നേടിയ കേരളം, മഴ തടസ്സപ്പെടുത്തിയ കളിയിൽ വിജെഡി നിയമപ്രകാരം 15 റൺസിന് വിജയിക്കുകയായിരുന്നു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 15 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാള്‍ 22.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 134 റണ്‍സെടുത്ത് നില്‍ക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. തുടര്‍ന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. കേരളം - 50 ഓവറില്‍ 331/7, നേപ്പാള്‍ 22.3 ഓവറില്‍ 134/3.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രോഹന്‍ കുന്നുമ്മലും അഭിഷേക് പി നായരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹന്‍ 44-ഉം അഭിഷേക് 56-ഉം റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ അഹമ്മദ് ഇമ്രാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഷോണ്‍ റോജര്‍ക്കും മുഹമ്മദ് അസറുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ അഹമ്മദ് ഇമ്രാന്‍ 49-ആം ഓവറിലാണ് പുറത്തായത്.

108 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സുമടക്കം 122 റണ്‍സാണ് അഹമ്മദ് ഇമ്രാന്‍ നേടിയത്. അസറുദ്ദീന്‍ 55 റണ്‍സും ഷോണ്‍ റോജര്‍ 19 റണ്‍സും നേടി പുറത്തായി. നേപ്പാളിന് വേണ്ടി ആകാശ് ചന്ദ് മൂന്നും ബിപിന്‍ ഖത്രി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാളിന് തുടക്കത്തില്‍ തന്നെ മായന്‍ യാദവിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ അര്‍ജുന്‍ കുമലും ദേവ് ഖനലും ചേര്‍ന്ന് 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 41 പന്തുകളില്‍ 57 റണ്‍സെടുത്ത ദേവ് ഖനല്‍ റണ്ണൗട്ടായി. 50 റണ്‍സെടുത്ത അര്‍ജുന്‍ കുമലിനെ ആസിഫ് സലാം എല്‍ബിഡബ്ല്യുവില്‍ പുറത്താക്കിയതിന് തൊട്ടുപിറകെ മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തുകയായിരുന്നു.

YouTube video player