ഇന്ത്യക്കെതിരായ നാലാം ടി20യിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 79 റൺസെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായകമായത്. ഇന്ത്യക്കായി ശ്രേയസ് അയ്യർ 80 റൺസെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ബ്രിസ്റ്റല്‍: ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിന് ജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 49 പന്തില്‍ 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഫിലിപ് സാള്‍ട്ട് (42 പന്തില്‍ 59) മികച്ച പ്രകടനം പുറത്തെടുത്തു. പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഗ്ലണ്ടിന് ജോസ് ബട്‌ലറുടെ (8) വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പിന്നീട് സാള്‍ട്ട് - ബ്രൂക്ക് സഖ്യം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 146 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 35 പന്തുകള്‍ മാത്രം നേരിട്ട ബ്രൂക്ക് നാല് സിക്‌സും എട്ട് ഫോറും നേടി. സാള്‍ട്ടിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും ഒമ്പത് ഫോറും നേടി. നേരത്തെ, ഇന്ത്യന്‍ നിരയില്‍ ശ്രേയസ് മാത്രമാണ് തിളങ്ങിയത്. 49 പന്തുകള്‍ നേരിട്ട് പുറത്താവാതിരുന്ന ശ്രേയസ് അഞ്ച് സിക്‌സും നാല് ഫോറും നേടി. വൈഭവ് സൂര്യവംശി (15), അഭിഷേഖ് ശര്‍മ (16), ഇഷാന്‍ കിഷന്‍ (4), ശിവം ദുബെ (22), തിലക് വര്‍മ (11), വാഷിംഗ്ടണ്‍ സുന്ദര്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമിലെത്തി.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കുറാന്‍, വില്‍ ജാക്ക്സ്, റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്.

ഇന്ത്യ: അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

YouTube video player