കൊച്ചി: ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന ഹോം മത്സരം. കൊച്ചിയില്‍ നടക്കുന്ന കളിയില്‍ ബംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. 16 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനുള്ളത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. 

ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് കളിക്കാനുള്ളത്. അതിലൊന്നാണ് ഇന്ന് ബംഗളൂരു എഫ്‌സിക്കെതിരെ നടക്കുന്നത്. ഒഡീഷക്കെതിരെയാണ് അവസാന മത്സരം. ഇന്ന് കൊച്ചിയില്‍ ബംഗളൂരുവിനെതിരെ നടക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം കൂടിയാണ്. രാത്രി 7.30ന് നടക്കുന്ന കളിയില്‍ ജയിച്ച് ആരാധകരെ ത്രസിപ്പിക്കുകയെന്ന ലക്ഷ്യമാകും ഒഗ്ബച്ചെയ്ക്കും സംഘത്തിനും. ഒപ്പം എവേ മത്സരത്തില്‍ ബംഗളൂരുവിനോട് തോറ്റതിന് പകരം വീട്ടാനുമാകും.

23ന് ഒഡീഷ എഫ്‌സിക്കെതിരായ സീസണിലെ അവസാന മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സന്ദേശ് ജിംഗാന്‍, മാരിയോ ആര്‍ക്കേസ് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ പരുക്കിന്റെ  പിടിയിലായതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണില്‍ തീര്‍ത്തും നിറംമങ്ങിയത്. എടികെയെ രണ്ട് തവണയും ഹൈദരാബാദിനെ ഒരു പ്രാവശ്യവും തോല്‍പ്പിക്കാനായെന്നത് മാത്രമാണ് ആരാധകര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.