താരലേലത്തിനായി 168 കളിക്കാരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ താരലേലം നാളെ. രാവിലെ 10 മണി മുതല്‍ ഹയാത്ത് റീജൻസിയിലാണ് വാശിയേറിയ താരലേലം നടക്കുക. ലേലത്തിന് മുന്നോടിയായി ചാമ്പ്യൻഷിപ്പ് ലോഗോ കേരള ക്രിക്കറ്റ് ലീഗ് ഐക്കണും രാജ്യാന്തര താരവുമായ സഞ്ജു സാംസൺ പ്രകാശനം ചെയ്തു. ഫ്രാഞ്ചൈസികളുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. ഫ്രാഞ്ചൈസികള്‍ ഓരോന്നും ടീമുകളുടെ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്. 

168 കളിക്കാര്‍ ലേലത്തിന്

താരലേലത്തിനായി 168 കളിക്കാരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസികള്‍ക്കും വിളിച്ചെടുക്കാം. താരങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം നടക്കുക. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഏറ്റവും ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സി കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50,000 രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. 

ഐപിഎല്‍ മാതൃകയിലാണ് കേരള ക്രിക്കറ്റ് ലീഗ് താരലേലം നടക്കുക. ഓരോ കളിക്കാർക്കും അടിസ്ഥാന പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ള തുകയിൽ നിന്ന് ഏറ്റവും കൂടുതൽ തുക ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ടീമിന് അവരെ സ്വന്തമാക്കാം. സ്റ്റാർ സ്‌പോർട്‌സ് 3യും ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻ‌കോഡും താരലേലം തൽസമയം സംപ്രേഷണം ചെയ്യും. 

ആവേശമാകാന്‍ ഐക്കൺ താരങ്ങള്‍ 

പി എ അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്‍റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്‍റെയും മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്‍റെയും ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്‍റെയും വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റൻസിന്‍റെയും രോഹൻ എസ് കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സിന്‍റെയും ഐക്കൺ താരങ്ങളാണ്. 

കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിന് മുന്നോടിയായി പ്രമുഖ ലേലനടപടിക്കാരനായ ചാരു ശർമ്മ ബ്രീഫിംഗ് നടത്തി. ഫ്രാഞ്ചൈസികൾക്കായി മോക് ഓക്ഷനും നടന്നു. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ഹബ്ബിലാണ് കേരള ക്രിക്കറ്റ് ലീഗ് മൽസരങ്ങൾ നടക്കുക. ഓരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗിന്‍റെ ഔദ്യോഗിക ലോഞ്ചിംഗ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജൻസിയിൽ ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.

Read more: കേരള ക്രിക്കറ്റ് ലീഗ്: ടീമുകളുടെ പേരും ഐക്കണ്‍ താരങ്ങളെയും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം