Asianet News MalayalamAsianet News Malayalam

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഛത്തീസ്ഗഡ് പ്രതിരോധത്തില്‍! മൂന്നാംദിനം ഏറെ നിര്‍ണായകം

മോശം തുടക്കമായിരുന്നു ഛത്തീസ്ഗഡിന് സ്‌കോര്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ശശാങ്ക് ചന്ദ്രകര്‍ (8), റിഷഭ് തിവാരി (7) എന്നിവരുടെ വിക്കറ്റുകള്‍ ഛത്തീസ്ഗഡിന് നഷ്ടമായി.

kerala in driving seat against chhattisgarh in ranji trophy
Author
First Published Feb 3, 2024, 5:24 PM IST

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 350 റണ്‍സ് നേടിയിരുന്നു. സച്ചിന്‍ ബേബി (91), മുഹമ്മദ് അസറുദ്ദീന്‍ (85), സഞ്ജു സാംസണ്‍ (57), രോഹന്‍ പ്രേം (54) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.  ഛത്തീസ്ഗഡിന് വേണ്ടി ആഷിഷ് ചൗഹാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. പിന്നാലെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഛത്തീസ്ഗഡ് രണ്ടാംദിനം വിക്കറ്റെടുക്കുമ്പോള്‍ നാലിന് 100 എന്ന നിലയിലാണ്. നിതീഷ് എംഡി കേരത്തിന് വേണ്ടി രണ്ട് വിക്കറ്റെടുത്തു.

മോശം തുടക്കമായിരുന്നു ഛത്തീസ്ഗഡിന് സ്‌കോര്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ശശാങ്ക് ചന്ദ്രകര്‍ (8), റിഷഭ് തിവാരി (7) എന്നിവരുടെ വിക്കറ്റുകള്‍ ഛത്തീസ്ഗഡിന് നഷ്ടമായി. പിന്നാലെ അഷുതോഷ് സിംഗ് (31), സഞ്ജീത് ദേശായ് (പുറത്താവാതെ 50) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഷുതോഷിനെ പുറത്താക്കി നിതീഷ് ബ്രേക്ക് ത്രൂ നല്‍കി. ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെ (0) റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. പിന്നീടെത്തിയ ഏക്‌നാഥ് കെര്‍ക്കര്‍ (1) സഞ്ജീതിനൊപ്പം വിക്കറ്റ് പോവാതെ കാത്തു. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

ഇന്ന് ക്യാപ്റ്റന്‍ സഞ്ജുവിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. മികച്ച തുടക്കം ലഭിച്ചെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു സഞ്ജു. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ സഞ്ജു മടങ്ങി. ചൗഹാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഏക്‌നാഥ് കെര്‍ക്കറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. 11 ബൗണ്ടറികളാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. പിന്നാലെ വിഷ്ണു വിനോദിനെ (40) ചൗഹാന്‍ ബൗള്‍ഡാക്കി. 

എന്നാല്‍ ഒരറ്റത്ത് അസറുദ്ദീന്‍ ആക്രമിച്ച് കളിച്ചു. ശ്രേയസ് ഗോപാല്‍ (5), ബേസില്‍ തമ്പി (5), നിതീഷ് എം ഡി (5) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ അസറുദ്ദീന്റെ ഇന്നിംഗ്‌സ് കേരളത്തെ 350ലെത്തിച്ചു. 104 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 12 ഫോറും നേടി. അഖിന്‍ സത്താര്‍ (0) പുറത്താവാതെ നിന്നു. ആദ്യ ദിനം സച്ചിന്‍ ബേബിക്ക് പുറമെ രോഹന്‍ കുന്നുമ്മല്‍ (0), ജലജ് സക്സേന (0), രോഹന്‍ പ്രേം (54) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ കേരളത്തിന് നഷ്ടമായി. സക്സേനയെ ഓപ്പണറായി പരീക്ഷിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇരുവരും റണ്‍സൊന്നുമെടുക്കാതെ പുറത്ത്. പിന്നീട് പരിചയ സമ്പന്നരായ സച്ചിന്‍ - രോഹന്‍ സഖ്യം 135 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയായ ഉടനെ രോഹന്‍ റണ്ണൗട്ടായി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നീട് ക്രീസിലെത്തിയ സഞ്ജു ആക്രമിച്ച് കളിച്ചു. ഇതിനിടെ സെഞ്ചുറിക്ക് ഒമ്പത് റണ്‍ അകലെ സച്ചിന്‍ ബേബി വീണു. 

കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, നിതീഷ് എം ഡി, ബേസില്‍ തമ്പി, അഖിന്‍ സത്താര്‍.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിനിടെ സഹതാരങ്ങളെ അധിക്ഷേപിച്ച് രോഹിത്! നായകനെതിരെ തിരിഞ്ഞ് ആരാധകര്‍; വിവാദ വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios