രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഒഡീഷ ഫോളോ ഓൺ ചെയ്യുന്നു. ആദ്യ ഇന്നിങ്സിൽ 225 റൺസിന് പുറത്തായ ഒഡീഷ മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 102/4 എന്ന നിലയിലാണ്. നാല് വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രന്റെ മികച്ച പ്രകടനമാണ് കേരളത്തിന് മുൻതൂക്കം നൽകിയത്.
തിരുവനന്തപുരം: ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. കേരളത്തിന്റെ സ്‌കോറായ 404-നെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഒഡീഷയുടെ ആദ്യ ഇന്നിങ്സ് 225 റണ്‍സിന് അവസാനിച്ചു. ഇതേതുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ഒഡീഷ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഒഡീഷയ്ക്ക് 77 റണ്‍സ് കൂടി വേണം.
മൂന്ന് വിക്കറ്റിന് 114 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ഒഡീഷയ്ക്ക് രണ്ടാം ഓവറില്‍ തന്നെ സന്ദീപ് പട്‌നായിക്കിന്റെ (2) വിക്കറ്റ് നഷ്ടമായി. വൈകാതെ വൈശാഖ് ചന്ദ്രന്റെ പന്തില്‍ നിനാദ് രഥ്വയും (1) മടങ്ങി. എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ ശുഭ്രാംശു സേനാപതിയും രാജേഷ് ധൂപറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് രാജേഷ് ധൂപറിനെയും (34) സൗമ്യ ലെങ്കയെയും (0) ഒരേ ഓവറില്‍ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് കളി വീണ്ടും കേരളത്തിന്റെ വരുതിയിലാക്കിയത്. 50 റണ്‍സെടുത്ത ശുഭ്രാംശുവിനെ ജലജ് സക്‌സേനയും പുറത്താക്കി. 37 റണ്‍സെടുത്ത ലളിത് യാദവിന്റെ പ്രകടനമാണ് ഒഡീഷയുടെ സ്‌കോര്‍ 225-ല്‍ എത്തിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍ നാലും ആദിത്യ സര്‍വാടെ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ഒഡീഷ രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശന്തനു മിശ്രയെ (2) പുറത്താക്കി ആദിത്യ സര്‍വാടെ കേരളത്തിന് മികച്ച തുടക്കം നല്‍കി. ഒന്‍പത് റണ്‍സെടുത്ത ഓം മുണ്ഡെയെ വൈശാഖ് ചന്ദ്രനും പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ഗൗരവ് ചൗധരിയും ക്യാപ്റ്റന്‍ ശുഭ്രാംശു സേനാപതിയും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഇരുവരെയും ഒരേ ഓവറില്‍ പുറത്താക്കി ജലജ് സക്‌സേന ഒഡീഷയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഗൗരവ് ചൗധരി 53-ഉം ശുഭ്രാംശു 30-ഉം റണ്‍സെടുത്തു.

