മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പോണ്ടിച്ചേരിക്കെതിരായ മത്സരത്തില്‍ കേരളത്തിന് 139 റണ്‍സ് വിജയക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി ആറ് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സ് നേടിയത്. ഏഴ് വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയ എസ് ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് പോണ്ടിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. കെ എം ആസിഫ് ഒരു വിക്കറ്റെടുത്തു. 

33 റണ്‍സ് നേടിയ അഷിത് രാജീവാണ് പോണ്ടിച്ചേരിയുടെ ടോപ് സ്‌കോറര്‍. പരസ് ദോര്‍ഗ (26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ദാമോദരന്‍ രോഹിത് (12), ഫാബിദ് അഹമ്മദ് (10), ഷെല്‍ഡണ്‍ ജാക്‌സണ്‍ (17), എം വിഘ്‌നേഷ് (0), സാഗര്‍ ത്രിവേദി (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷിതിനൊപ്പം പി താമരകണ്ണന്‍ (16) പുറത്താവാതെ നിന്നു. 

ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ടാം ഓവറില്‍ മനോഹരമായ ഔട്ട് സിംഗറിലൂടെയാണ് ശ്രീശാന്ത് വിക്കറ്റ് നേടിയത്. ഓപ്പണര്‍ ഫാബിദ് അഹമ്മദിന്റെ (10) വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. 

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, കെ എം ആസിഫ്, എസ് മിഥുന്‍.

പോണ്ടിച്ചേരി: ദാമോദരന്‍ രോഹിത് (ക്യാപ്റ്റന്‍), ഫാബിദ് അഹമ്മദ്, , ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), പങ്കജ് സിംഗ്, സാഗര്‍ ത്രിവേദി, പി താമരകണ്ണന്‍, വി മാരിമുത്തു, സാഗര്‍ ഉദേശി, രഘു ശര്‍മ, അഷിത് രാജീവ്.