കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നിവര്‍ക്കൊപ്പം 16 പോയിന്റാണ് കേരളത്തിനുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റുള്ള കര്‍ണാടകയാണ് ഒന്നാമത്. യുപി രണ്ടാം സ്ഥാനത്തും. 

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബീഹാറിനെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നിവര്‍ക്കൊപ്പം 16 പോയിന്റാണ് കേരളത്തിനുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റുള്ള കര്‍ണാടകയാണ് ഒന്നാമത്. യുപി രണ്ടാം സ്ഥാനത്തും. ഒന്നാം സ്ഥാനക്കാര്‍ക്കൊപ്പം മികച്ച റണ്‍റേറ്റുള്ള രണ്ട് ടീമുകളും നോക്കൗട്ടിന് യോഗ്യത നേടും. മികച്ച റണ്‍റേറ്റുള്ള മൂന്നാമത്തെ ടീം പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി കളിക്കും. ജയിക്കുന്ന ടീം നോക്കൗട്ടിന് യോഗ്യത നേടും.

ഇന്ന് ബിഹാറിനെതിരെ വലിയ മാര്‍ജിനിലുള്ള ജയമാണ് കേരളത്തിന് വേണ്ടിയിരുന്നത്. റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ടില്‍ കേരളം ആവശ്യമായ ജയം സ്വന്തമാക്കുകയും ചെയ്തു. നാല് വിക്കറ്റ് നേടിയ എസ് ശ്രീശാന്തിന്റെ പ്രകടനവും നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാര്‍ 40.2 ഓവറില്‍ 148ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കേരളം വെറും 8.5 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 പന്തില്‍ പുറത്താവാതെ നേടിയ 87 റണ്‍സ് അടിച്ചെടുത്ത റോബിന്‍ ഉത്തപ്പയാണ് ജയം അനായാസമാക്കിയത്. പത്ത് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്.

വിഷ്ണു വിനോദ് (12 പന്തില്‍ 37), സഞ്ജു സാംസണ്‍ (9 പന്തില്‍ 24) എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 76 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഉത്തപ്പ- വിഷ്ണു സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ നേടിയത്. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്‌സ്. സഞ്ജു പുറത്താവാതെ രണ്ട് വീതം സിക്‌സും ഫോറും നേടി. നേരത്തെ ശ്രീശാന്തിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ബിഹാറിനെ നിയന്ത്രിച്ച് നിര്‍ത്തിയത്. ജലജ് സക്‌സനേ മൂന്നും നിതീഷ് രണ്ട് വിക്കറ്റും വീഴ്ത്തി. അക്ഷയ് ചന്ദ്രന് ഒരു വിക്കറ്റുണ്ട്.

ഒമ്പത് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ശ്രീശാന്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഒരു അഞ്ച് വിക്കറ്റ് നേട്ടവും ശ്രീയുടെ പേരിലുണ്ട്. നേരത്തെ 64 റണ്‍സ് നേടിയ ബാബുല്‍ കുമാര്‍ മാത്രമാണ് ബിഹാര്‍ നിരയില്‍ തിളങ്ങിയത്.